ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. 71 വയസ്സായിരുന്നു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഒൻപതു മണിയോടെയായിരുന്നു അന്ത്യം. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. തൃശൂർ സ്വദേശിയാണ് രവികുമാർ. ഭൗതികശരീരം ഇന്ന് ചെന്നൈ വൽസരവാക്കത്തെ വസതിയിലെത്തിക്കും സംസ്കാരം നാളെ. 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ.
എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്നു രവികുമാർ. 1970 കളിലും 80 കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്താണ് രവികുമാർ ശ്രദ്ധേയനാകുന്നത്. മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
തൃശൂർ സ്വദേശികളായ കെ.എം.കെ.മേനോന്റെയും ആർ.ഭാരതിയുടെയും മകനായ രവികുമാർ ചെന്നൈയിലാണ് ജനിച്ചത്. 1967 ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.