ആരോഗ്യനില മോശമായതിനാൽ ആയുർവേദ ചികിത്സക്കായി കേരളത്തിലേക്ക് മടങ്ങാൻ അനുവാദം നൽകണമെന്നും ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയും പി.ഡി.പി ചെയർമാൻ അബ്ദുനാസിർ മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചു. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്ക് പ്രശ്നങ്ങളുണ്ടെന്നും അപേക്ഷയിൽ പറയുന്നു.
മൂന്നാഴ്‌ച മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഅ്‌ദനിയെ ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ എം.ആര്‍.ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിവിധ പരിശോധനകളില്‍ ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളില്‍ രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്ന് കണ്ടെത്തിയെന്നും പറയുന്നു. പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. പിതാവിനെ കാണാൻ അവസരം നൽകണം. വിചാരണപൂർത്തിയാകുന്നത് വരെ ജന്മനാട്ടിൽ തുടരാൻ അനുവദിക്കണം. ബെംഗുളൂരുവിൽ തുടരുന്നത് വലിയ സാമ്പത്തിക ഭാരമാണ്. വിചാരണ പൂർത്തിയാക്കാൻ തന്റെ ആവശ്യം ഇനിയില്ലെന്നും മദനി സുപ്രീം കോടതിയിൽ പറഞ്ഞു. അഭിഭാഷകൻ ഹാരിസ് ബീരാനാണ് മദനിക്കായി ഹർജി സമർപ്പിച്ചത്.