67 യാത്രക്കാരും അഞ്ച് ജീവനക്കാരും അടക്കം 72 പേരുമായി റഷ്യയിലേക്ക് പോയ യാത്രാവിമാനം കസാഖ്സ്ഥാനിൽ തകര്‍ന്നുവീണ് കത്തിയമർന്നു. നിരവധി പേര് മരിച്ചു എന്നാണ് പ്രാഥമിക നിഗമനം. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 12 യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാകുവില്‍ നിന്ന് റഷ്യയിലെ ചെച്നിയയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനം ഗ്രോസ്‌നിയിലെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വഴിതിരിച്ചുവിടുകയായിരുന്നു.
ഫ്ലൈറ്റ്റഡാർ 24 പ്രകാരം, അസർബൈജാൻ എയർലൈൻസിന്റെ എംബ്രെയർ ERJ-190 വിമാനം ബാക്കുവിൽ നിന്ന് പുലർച്ചെ 3.55 ന് (ഇന്ത്യൻ സമയം 9:25) ഗ്രോസ്നിയിലേക്ക് പറന്നുയർന്നു. വിമാനം ശക്തമായ ജിപിഎസ് ജാമിംഗിന് വിധേയമായതിനാൽ അപകടത്തിന് മുമ്പ് സിഗ്നല്‍ ലഭിക്കുന്നത് നിലച്ചു. സോഷ്യൽ മീഡിയയിലെ വീഡിയോകളിൽ വിമാനം താഴ്ന്ന ഉയരത്തിൽ പറക്കുന്നതും പിന്നീട് നിലത്ത് ഇടിച്ചിറങ്ങുന്നതും ഒരു തീഗോളമായി പൊട്ടിത്തെറിക്കുന്നതും കാണാം. മറ്റ് ദൃശ്യങ്ങളിൽ വിമാനാവശിഷ്ടങ്ങൾക്ക് സമീപം രക്ഷപ്പെട്ടവരെ കണ്ടെത്താൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.