അയോധ്യയില്‍ പുതിയ വിമാനത്താവളവും നവീകരിച്ച റെയില്‍വേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണം. വിമാനമിറങ്ങിയ ശേഷം അദ്ദേഹത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും ചേര്‍ന്ന് സ്വീകരിച്ചു. അയോധ്യയില്‍ 15,700 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി ഒരു പൊതു പരിപാടിയിലും പങ്കെടുക്കും.
റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി റോഡ്ഷോ നടത്തി. വിമാനത്താവളത്തിനും റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ഭാഗത്ത് റോഡ്‌ഷോ നടത്തിയ പ്രധാനമന്ത്രി അയോധ്യയിലെ ജനങ്ങളുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി. അടുത്തിടെ നവീകരിച്ച രാംപഥിന്റെയും മറ്റ് റോഡുകളുടെയും ഇരുവശങ്ങളിലും താല്‍ക്കാലിക തടി ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ച തന്നെ ഭരണകൂടം ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ ചിത്രവും ‘വിശുദ്ധ നഗരമായ അയോധ്യയിലേക്ക് സ്വാഗതം’ എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന വലിയ പോസ്റ്ററുകളും ക്ഷേത്ര നഗരത്തിലെ വിവിധ പ്രധാന സ്ഥലങ്ങളില്‍ പതിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,400-ലധികം കലാകാരന്മാര്‍ റാംപഥില്‍ സജ്ജീകരിച്ച 40 സ്റ്റേജുകളില്‍ നാടന്‍ കലാ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു.
അയോധ്യ സന്ദര്‍ശന വേളയില്‍ രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകളും, ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. ജനുവരി 22നാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍. ക്ഷേത്ര നഗരത്തിൽ കനത്ത സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. നഗരം പൂക്കളും ചുവർചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ട് ദിവസമായി നഗരത്തിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നിട്ടും എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അയോധ്യ ഡിവിഷണൽ കമ്മീഷണർ ഗൗരവ് ദയാൽ പറഞ്ഞു.