ബ്രഹ്മപുരത്തെ തീ 80% നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞുവെന്നും ഇന്നത്തോടെ മാലിന്യ നീക്കം പഴയനിലയിലാകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. ആറടി താഴ്ചയിൽ തീ ഉണ്ടായിരുന്നു. തീ പൂര്‍ണമായി എപ്പോള്‍ അണയ്ക്കുമെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യം ആണ് ഉള്ളതെന്നും തീ അണയ്ക്കുന്നതിനാണ് ഇപ്പോൾ മുൻഗണന എന്നും മന്ത്രി പറഞ്ഞു. തദ്ദേശമന്ത്രി എം ബി രാജേഷിനൊപ്പം ബ്രഹ്മപുരം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 40 ലോഡ് മാലിന്യം നീക്കി.ഇന്നത്തോടെ മാലിന്യ നീക്കം പഴയ നിലയിലാകും പി രാജീവ് വ്യക്തമാക്കി.
അതെ സമയം അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനത്തിലൊന്നാണ് ബ്രഹ്മപുരത്ത് നടക്കുന്നത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകർ പുക ശമിപ്പിക്കാനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. 70 ശതമാനം പ്രദേശത്തും പുക പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം ഇളക്കി അടിയിലെ കനൽ വെള്ളമൊഴിച്ച് കെടുത്താനാണ് ശ്രമം. ഇതിനായി 30 ഫയർ എഞ്ചിനുകൾ ബ്രഹ്മപുരത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. ഹെലികോപ്റ്ററിൽ നിന്ന് ആകാശമാർഗവും വെള്ളം ഒഴിക്കുന്നുണ്ട്.