കുവൈത്തിലെ മൻഗഫിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു. പരിക്കേറ്റ ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിലാണ്. ആകെ 50 പേർ മരിച്ചതായാണ് വിവരം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് കുവൈത്തിലെത്തി. സംസ്ഥാന സർക്കാർ പ്രതിനിധിയായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തരമായി കുവൈത്തിലേക്ക് പോകും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബുവും മന്ത്രിക്കൊപ്പം ഉണ്ടാകും. മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍, പരിക്കേറ്റ മലയാളികളുടെ ചികിത്സ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനം അടക്കമുള്ള ചുമതലകളാണ് ഇവർക്ക് നൽകിയിരിക്കുന്നത്.
മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തിൽ പെട്ടത്. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തും.
മൃതദേഹങ്ങൾ പരമാവധി വെള്ളിയാഴ്ച തന്നെ നാട്ടിലെത്തിക്കുന്നതിന് മുൻഗണന നൽകുമെന്ന് എൻ.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു. ജീവഹാനി സംഭവിച്ച ജീവനക്കാരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ടാകുമെന്നും എല്ലാ നഷ്ടപരിഹാരങ്ങളും പരമാവധി കൈമാറാൻ എൻ.ബി.ടി.സി പ്രതിജ്ഞാബദ്ധമാണെന്നും മാനേജ്മെന്റ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ മുഴുവൻ ജീവനക്കാർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പ് വരുത്തിയതായും മാനേജ്മെന്റ് അറിയിച്ചു.
കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
കൊല്ലം ഓയൂർ സ്വദേശി ശൂരനാട് വടക്ക് ആനയടി തുണ്ടുവിള വീട്ടിൽ ഉമറുദ്ദീന്റെയും ശോഭിതയുടെയും മകൻ ഷമീർ (33), കോട്ടയം പാമ്പാടി വിശ്വഭാരതി കോളജിന് സമീപം വാടകക്ക് താമസിക്കുന്ന പാമ്പാടി ഇടിമാരിയില്‍ സാബു ഫിലിപ്പിന്റെ മകന് സ്റ്റെഫിൻ എബ്രഹാം സാബു (29), കാസർകോട് ചെങ്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (34), ചെറുവത്തൂർ പിലിക്കോട് എരവിൽ സ്വദേശി തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ താമസിക്കുന്ന പി. കുഞ്ഞിക്കേളു (58), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ പരേതനായ ശശിധരന്‍റെ മകൻ ആകാശ് (32), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ നായർ (60), കോന്നി അട്ടച്ചാക്കൽ കൈതക്കുന്ന് ചെന്നശ്ശേരിൽ സജു വർഗീസ് (56), കൊല്ലം പുനലൂർ നരിയ്ക്കൽ വാഴവിള അടിവള്ളൂർ സാജൻ വില്ല പുത്തൻ വീട്ടിൽ ജോർജ് പോത്തന്റെയും വത്സമ്മയുടെയും മകൻ സാജൻ ജോർജ് (29), വെളിച്ചിക്കാല വടകോട് വിളയിൽവീട്ടിൽ ഉണ്ണൂണ്ണി-കുഞ്ഞമ്മ ദമ്പതികളുടെ മകൻ ലൂക്കോസ് (48), തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37), കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പെരിന്തൽമണ്ണ പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ബുധനാഴ്ച പുലർച്ച നാലുമണിക്കാണ് മൻഗഫ് ബ്ലോക്ക് നാലിലെ ആറുനില കെട്ടിടത്തിൽ തീപടർന്നത്. കെട്ടിടത്തിൽ 196 പേരായിരുന്നു താമസിച്ചിരുന്നത്. തീപിടിത്ത കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അടുക്കളയിൽ നിന്നാണ് തീ പടർന്നത് എന്നും ചിലർ വെളിപ്പെടുത്തുന്നു. ഷോർട് സർക്യൂട്ട് ആണോയെന്നും സംശയമുണ്ട്.