ഇറാഖിലെ നിനേവ പ്രവിശ്യയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ തീപിടിത്തത്തിൽ വരനും വധുവും ഉൾപ്പെടെ 114 പേർ മരിച്ചു. വടക്കൻ ഇറാഖ് നഗരമായ ഹംദാനിയയിൽ ആണ് സംഭവം. വിവാഹചടങ്ങിനോട് അനുബന്ധിച്ച് ഹാളിനുള്ളിൽ പടക്കം പൊട്ടിച്ചുവെന്നും ഇതിൽ നിന്നും തീപ്പൊരി ചിതറിത്തെറിച്ചതാണ് വലിയ ദുരന്തത്തിൽ കലാശിച്ചതെന്നും അധികൃതര്‍ പറയുന്നു. 150 ഓളം പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി ആയിരുന്നു ദുരന്തം സംഭവിച്ചത്. വിവാഹ ചടങ്ങ് നടന്ന ഹാളിലുണ്ടായിരുന്ന പ്രീഫാബ്രിക്കേറ്റഡ് പാനലുകളാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. തീപിടിത്തത്തിൽ ഹാളിലെ സീലിങ്ങിന്‍റെ ചില ഭാഗങ്ങളും ഇടിഞ്ഞുവീണു. പരിക്കേറ്റവരെ നിനവേ മേഖലയിലുടനീളമുള്ള ആശുപത്രികളിലേക്ക് മാറ്റി.
തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ വടക്കുപടിഞ്ഞാറായി വടക്കൻ നഗരമായ മൊസൂളിന് പുറത്താണ് ഹംദാനിയ സ്ഥിതി ചെയ്യുന്നത്. പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുദാനി തീപിടിത്തത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.