തൃശ്ശൂർ: ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇത്തവണ തിടമ്പേറ്റിയത് ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ റോബോട്ടിക് ആനയായ ‘രാമൻ ‘ ആണ്. കേരളത്തിൽ ആദ്യമായാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു ആന ഉത്സവത്തിന് തിടമ്പേറ്റുന്നത് എന്നൊരു കൗതുകം കൂടി ഇതിലുണ്ട്. ഉത്സവമേളത്തിനൊപ്പം തലയും, ചെവിയും, വാലും ആട്ടി തിടമ്പേറ്റിയ രാമൻ ഉത്സവപ്രേമികൾക്കും ആനപ്രേമികൾക്കും ഒരുപോലെ കൗതുക കാഴ്ചയായി.
ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുക്കുടയുമായി നാലുപേർ ആനപ്പുറത്തുമേറി. പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ മേളവുംകൂടി ആയതോടെ പൂരത്തിന് മികവും കൗതുകവുമേറി. ‘പെറ്റ ഇന്ത്യ ‘ എന്ന സംഘടനയാണ് റോബോട്ടിക് ആനയെ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്.
വൈദ്യുത ആനയ്ക്ക് 11 അടി ഉയരമാണുള്ളത്. 800 കിലോ ഭാരവും ഉണ്ട്. നാലു പേരെ വരെ പുറത്തേറ്റാൻ കഴിവുള്ള ആനയുടെ നിർമ്മാണ ചിലവ് 5 ലക്ഷം രൂപയാണ്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആനയുടെ ചെവികൾ, കണ്ണ്, വായ, വാൽ എന്നിവ സദാസമയവും ചലിപ്പിക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. ട്രോളിയിൽ കൂടിയാണ് ആനയുടെ സഞ്ചാരം. ഇരുമ്പു കൊണ്ടുള്ള ചട്ടക്കൂടിന് പുറത്ത് റബ്ബർ ഉപയോഗിച്ചാണ് ആനയുടെ ശരീരം നിർമ്മിച്ചിരിക്കുന്നത്. അഞ്ചു മോട്ടോറുകൾ ആണ് ഇതിന്റെ ചലനത്തിന് ഘടിപ്പിച്ചിട്ടുള്ളത്. തുമ്പിക്കൈ ഒഴികെ മറ്റുള്ളവയെല്ലാം മോട്ടോറിന്റെ സഹായത്തോടെയും തുമ്പി കൈ മാത്രം പാപ്പാന് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലുമാണ് ഒരുക്കിയിട്ടുള്ളത്. സ്വിച്ച് ഇട്ടാൽ തുമ്പിക്കയിൽ നിന്നും വെള്ളം ചീറ്റും എന്നൊരു കൗതുകവും കൂടി രാമനുണ്ട്. ചാലക്കുടി പനമ്പിള്ളി കോളേജ് റോഡിൽ പ്രവർത്തിക്കുന്ന ഫോർ – ഹി – ആർട്ട്സിലെ ശില്പികളായ പ്രശാന്ത്, സാന്റോ, ജിനേഷ്, റോബിൻ എന്നിവരാണ് ഈ റോബോട്ടിക് ആനയെയും നിർമ്മിച്ചിരിക്കുന്നത്.