ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി തന്റെ കാർ ശേഖരത്തിലേക്ക് മറ്റൊരു ആഡംബര വാഹനം കൂടി ചേർത്തു. അംബാനി കുടുംബത്തിലേക്ക് അടുത്തിടെ തങ്ങളുടെ മൂന്നാമത്തെ റോൾസ് റോയ്‌സ് കള്ളിനൻ എത്തി എന്നാണ് വിവരം. അംബാനി സ്വന്തമാക്കിയ ഈ കസ്റ്റമൈസ്ഡ് റോൾസ് റോയ്സ് കള്ളിനന്റെ വില ഏകദേശം 13.14 കോടി രൂപയാണ്. റോൾസ് റോയ്സ് കള്ളിനന്റെ അടിസ്ഥാന വില 6.8 കോടി രൂപയിൽ ആണ് ആരംഭിക്കുന്നത്. മാത്രവുമല്ല പുതിയ കള്ളിനൻ സ്‌പോർട്‌സ് ടസ്‌കൻ സൺ കളർ ഷെയ്‌ഡാണ്, ഈ പെയിന്‍റ് സ്‍കീമിന് മാത്രം ഒരുകോടി രൂപയോളം ചെലവ് വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിൽ ഓപ്ഷണൽ 21 ഇഞ്ച് വീലുകളും സജ്ജീകരിച്ചിട്ടുണ്ട്.
അംബാനി കുടുംബത്തിന് റോൾസ് റോയ്‌സിനോട് പ്രത്യേക താത്പര്യമാണ്. ഇതിനോടകം തന്നെ ശ്രദ്ധേയമായ റോള്‍സ് റോയിസ് ശേഖരം അദ്ദേഹത്തിന് ഉണ്ട്. റോൾസ് റോയ്‌സ് ഫാന്റം ഡ്രോപ്പ്ഹെഡ് കൂപ്പെയ്‌ക്കൊപ്പം മൂന്ന് റോൾസ് റോയ്‌സ് കള്ളിനൻ എസ്‌യുവികളും ഏറ്റവും പുതിയ തലമുറ ഫാന്റം എക്സ്റ്റെൻഡഡ് വീൽബേസും ഗാരേജിലുണ്ട്. അതിന്റെ വില ഏകദേശം 13 കോടി രൂപയോളം വരും. പുതിയ കള്ളിനൻ രജിസ്ട്രേഷൻ നമ്പർ “0001” എന്നതും വേറിട്ടുനിൽക്കുന്നു. ഈ നമ്പറിനായി മാത്രം കുടുംബം 12 ലക്ഷം രൂപ നൽകിഎന്നാണ് റിപോർട്ടുകൾ. നിലവിലെ സീരീസിൽ നിന്നുള്ള എല്ലാ നമ്പറുകളും ഇതിനകം എടുത്തതിനാൽ, അംബാനിമാർ ഒരു പുതിയ സീരീസിൽ നിന്ന് ഒരു നമ്പർ തിരഞ്ഞെടുക്കുകയായിരുന്നു.
സെഡ് പ്ലസ് കാറ്റഗറി സുരക്ഷാ പരിരക്ഷയുള്ള അംബാനി കുടുബം എപ്പോഴും ഒരു വാഹനവ്യൂഹത്തിലാണ് സഞ്ചരിക്കുന്നത്. ഈ വാഹനവ്യൂഹത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന കാറുകളും പ്രത്യേകതയുള്ളതാണ്. സുരക്ഷാ കാരണങ്ങളാൽ പ്രധാനമായും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലാണ് മുകേഷ് അംബാനി സഞ്ചരിക്കുന്നതെന്നതിനാൽ പുതിയ കാർ മുകേഷ് അംബാനിയെ ഉദ്ദേശിച്ചായിരിക്കില്ലെന്നാണ് അറിയുന്നത്.