ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് ടീമിൽനിന്ന് സൂപ്പർതാരം വിരാട് കോഹ്‌ലിയെ ഒഴിവാക്കിയേക്കുമെന്ന് സൂചന. പകരം യുവതാരങ്ങൾക്ക് ടീമിൽ കൂടുതൽ പ്രാധാന്യം നൽകാനാണ് നീക്കം. കരീബിയൻ സാഹചര്യങ്ങളും വേഗത കുറഞ്ഞ പിച്ചും കോഹ്ലിയുടെ ബാറ്റിങ്ങിന് അനുയോജ്യമല്ലെന്ന വിലയിരുത്തലിലാണ് ബി സി സി ഐ സെലക്ടർമാർ. ജൂണിൽ യു.എസ്.എയിലും വെസ്റ്റിൻഡീസിലുമായാണ് ലോകകപ്പ് നടക്കുന്നത്. ജനുവരിയിൽ അഫ്ഗാനിസ്താനെതിരായ രണ്ടു ട്വന്‍റി20 മത്സരങ്ങളാണ് കോഹ്ലി അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്.
വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് കോഹ്ലി വിട്ടുനിന്നിരുന്നു. വിരാട് കോഹ്‌ലി ഐ പി എൽ കളിക്കുന്നതുമായി ബന്ധപ്പെട്ടും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഈമാസം 22 മുതലാണ് ഐ.പി.എൽ മത്സരങ്ങൾ ആരംഭിക്കുന്നത്. ഫാഫ് ഡുപ്ലെസിയുടെ കീഴിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐ.പി.എൽ കളിക്കാനിറങ്ങുന്നത്. നിലവിലെ ചാമ്പ്യൻ ചെന്നൈ സൂപ്പർ കിങ്സും ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. മുൻ ഇന്ത്യൻ നായകരായ എം.എസ്. ധോണിയും കോഹ്ലിയും നേർക്കുനേർ വരുന്നെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.