ടി 20 ലോകകപ്പ് സൂപ്പര് എട്ടിലെ രണ്ടാം പോരാട്ടത്തിൽ സിംബാബ്വെയ്ക്കെതിരെ 72 റൺസിന്റെ വൻ വിജയത്തോടെ ഇന്ത്യ സെമിപ്രതീക്ഷകൾ സജീവമാക്കി. ടോസ് വിജയിച്ച സിംബാബ്വെ ക്യാപ്റ്റന് സിക്കന്ദർ റാസ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ബാറ്റെടുത്തവരെല്ലാം മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ 15 പന്തിൽ രണ്ട് സിക്സറും ഒരു ഫോറും അടക്കം 24 റൺസ് നേടിയപ്പോൾ 30 പന്തുകൾ നേരിട്ട അഭിഷേക് നാല് വീതം ഫോറുകളും സിക്സറുകളും അടക്കം 55 റൺസ് നേടി പുറത്തായി. മൂന്നാമനായി എത്തിയ ഇഷാൻ കിഷൻ 24 പന്തിൽ ഒരു സിക്സറും നാല് ഫോറുകളും അടക്കം 38 റൺസ് നേടി. നാലാമനായി എത്തിയ സൂര്യകുമാർ യാദവ് 13 പന്തിൽ രണ്ട് സിക്സറും മൂന്ന് ഫോറുകളും അടക്കം 33 റൺസ് നേടി. അഞ്ചാമനായി എത്തിയ ഹാർദിക് പാണ്ഡ്യ 23 പന്തിൽ നാല് സിക്സറും രണ്ട് ഫോറുകളും അടക്കം 50 റൺസ് നേടി. ആറാമനായി എത്തിയ തിലക് വർമ 16 പന്തിൽ നാല് സിക്സറും മൂന്ന് ഫോറുകളും അടക്കം 44 റൺസ് നേടി.
സിംബാബ്വെയുടെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസിൽ അവസാനിച്ചു. സിംബാബ്വെയ്ക്ക് വേണ്ടി ബ്രയാൻ ബെന്നറ്റ് പൊരുതി. താരം 97 റൺസ് നേടി പുറത്താകാതെ നിന്നു. സിക്കന്ദർ റാസ 31 റൺസ് നേടി. ഇലവനിൽ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ തിരിച്ചെത്തി. വാഷിങ്ടൺ സുന്ദറിന് പകരം അക്സർ പട്ടേൽ തിരിച്ചെത്തി.

