സംസ്ഥാന സ്കൂൾ കായിക മേള എറണാകുളത്ത് നടക്കും. ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപ്ക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റണമെന്ന രീതിയിലുള്ള പ്രവർത്തനമാണ് ഇക്കുറി നടന്നു വരുന്നതെന്നും മന്ത്രി അറിയിച്ചു. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ട്. നാല് വർഷത്തിൽ ഒരിക്കൽ കായിക മേള ഒളിമ്പിക്സ് മാതൃകയിൽ നടത്തുകയും അതല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെയും നടത്താനാണ് തീരുമാനം.
ടി.ടി.ഐ., പി.പി.ടി.ടി.ഐ കലോത്സവം സെപ്തംബർ 4, 5 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ വെച്ച് നടത്തും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ വെച്ച് സെപ്തംബർ 25, 26, 27 തീയതികളിൽ നടത്തും. ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ നവംബർ 14, 15, 16, 17 തീയതികളിലും കരിയർ ഗൈഡൻസ് ദിശ എക്‌സ്‌പോ, ഒക്ടോബർ 5, 6, 7, 8, 9 തീയതികളിൽ തൃശൂർ ജില്ലയിൽ വെച്ചുമായിരിക്കും നടത്തുന്നതെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.