ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരുടെ പോരില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്.
ഗുജറാത്ത് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 55 റണ്‍സിനാണ് ഗുജറാത്ത് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയത്. 40 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് ടോപ് സ്കോറർ. ടൈറ്റന്‍സിനായി നൂർ അഹമ്മദ് മൂന്നും റാഷിദ് ഖാനും മോഹിത് ശർമ്മയും രണ്ടും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സെടുക്കുകയായിരുന്നു. ഡെത്ത് ഓവറുകളില്‍ വരിവരിയായി നിന്ന് മുംബൈ ബൗളര്‍മാര്‍ അടിവാങ്ങിയതാണ് ടൈറ്റന്‍സിനെ കൂറ്റന്‍ സ്കോറിലെത്തിയത്. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍(34 പന്തില്‍ 56) ഫിഫ്റ്റി നേടിയ ശേഷം ഡെത്ത് ഓവറുകളില്‍ തകര്‍ത്തടിച്ച ഡേവിഡ് മില്ലറും(22 പന്തില്‍ 46), അഭിനവ് മനോഹറുമാണ്(21 പന്തില്‍ 42) ഗുജറാത്തിന് കരുത്തായത്. അവസാന ഓവറുകളില്‍ രാഹുല്‍ തെവാട്ടിയ(5 പന്തില്‍ 20*) വെടിക്കെട്ടും ശ്രദ്ധേയമായി.
ഗുജറാത്ത് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച മുംബൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും നായകന്‍ രോഹിത് ശര്‍മയും റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി. ഒടുവില്‍ രണ്ടാം ഓവറില്‍ എട്ട് പന്തില്‍ നിന്ന് രണ്ട് റണ്‍സെടുത്ത രോഹിത് ശര്‍മയെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. രോഹിത്തിന് പകരം വന്ന കാമറൂണ്‍ ഗ്രീനിന്റെ ചെറുത്തുനില്‍പ്പ് മുംബൈ ഇന്ത്യന്‍സിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.