ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രാഹുൽ ദ്രാവിഡ് ഐ.പി.എൽ ടീമിലേക്ക്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി രാഹുൽ സഹകരിക്കുമെന്നാണ് റിപ്പോർട്ട്. ടീമിന്റെ മെന്ററായ ഗൗതം ഗംഭീർ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ദ്രാവിഡിനെ എത്തിക്കാൻ കൊൽക്കത്ത നീക്കം തുടങ്ങിയത്. ദ്രാവിഡുമായി കൊൽക്കത്ത ചർച്ച നടത്തിയെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇതിന് മുമ്പ് ഐ.പി.എല്ലിൽ ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസ്, ഡൽഹി ഡെയർഡെവിൾസ് ടീമുകൾക്കൊപ്പമായിരുന്നു ദ്രാവിഡ് പ്രവർത്തിച്ചത്. ഇന്ത്യയുടെ അണ്ടർ -19, അണ്ടർ-17 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്.
ഗംഭീറിന്റെ അഭാവം കൊൽക്കത്ത ടീമിൽ വിടവ് സൃഷ്ടിക്കുമെന്ന മനസിലാക്കിയാണ് ടീം മാനേജ്മെന്റ് ദ്രാവിഡുമായി ചർച്ച തുടങ്ങിയത്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമുമായുള്ള ദ്രാവിഡിന്റെ കരാർ അവസാനിച്ചിരുന്നു. കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ പുതിയ പരിശീലകനെ കണ്ടെത്താൻ ബി.സി.സി.ഐ അഭിമുഖം നടത്തിയിരുന്നുവെങ്കിലും കോച്ചിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
പരിശീലകനായി ദ്രാവിഡ് തന്നെ തുടരണമെന്ന് ബി.സി.സി.ഐ അഭ്യർഥിച്ചിരുന്നുവെങ്കിലും അദ്ദേഹം അതിന് വഴങ്ങിയിരുന്നില്ല. കുടുംബവുമായി ചെലവഴിക്കാൻ ലഭിക്കുന്ന സമയം കുറവായതിനാൽ തൽസ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നായിരുന്നു ദ്രാവിഡ് അറിയിച്ചത്.