ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു തടി കൂടുതലാണെന്ന കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ പ്രതികരണത്തിനെതിരെ ബിസിസിഐ. പബ്ലിസിറ്റിക്കു വേണ്ടി അപകീർത്തികരമായ പ്രതികരണങ്ങൾ നടത്തരുതെന്നും ഷമ മുഹമ്മദിന്റെ വാക്കുകൾ ദൗർഭാഗ്യകരമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. ഒരു ഐസിസി ടൂർണമെന്റ് നടക്കുന്നതിനിടെ ഇത്തരം പ്രതികരണങ്ങൾ പുറത്തുവരുന്നത് താരങ്ങളുടെ ആത്മവീര്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ബിസിസിഐ സെക്രട്ടറി ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
‘‘ഐസിസി ടൂർണമെന്റിനിടെ ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തിയിൽനിന്ന് ഇത്തരം പരാമർശമുണ്ടായത് ദൗർഭാഗ്യകരമാണ്. ആ വ്യക്തിയുടേയും ടീമിന്റെ ആകെയും ആത്മവീര്യത്തെ ഇതുപോലുള്ള പരാമർശങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്. എല്ലാ താരങ്ങളും ചാംപ്യൻസ് ട്രോഫിയിൽ അവരുടെ കഴിവിന്റെ പരമാവധി പ്രകടനം നടത്താനാണു ശ്രമിക്കുന്നത്. മത്സരഫലങ്ങളിൽ അതു വ്യക്തമാണ്. പബ്ലിസിറ്റിക്കു വേണ്ടി ആളുകൾ ഇത്തരം അപകീർത്തികരമായ പ്രതികരണങ്ങൾ നടത്തരുതെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്.’’– ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി.
ഷമയുടെ നിലപാടിനെതിരെ കോൺഗ്രസ് പാർട്ടിയും രംഗത്തെത്തി. ഷമയോട് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് മീഡിയ, പബ്ലിസിറ്റി വിഭാഗം തലവൻ പവൻ ഖേര പ്രതികരിച്ചു. ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങളും ജയിച്ച ഒരേയൊരു ടീമാണു ഇന്ത്യ. ന്യൂസീലൻഡിനെതിരെ 44 റൺസ് വിജയം നേടി ഗ്രൂപ്പിൽ ഒന്നാമൻമാരായാണ് ഇന്ത്യ സെമി ഫൈനൽ കളിക്കാൻ ഒരുങ്ങുന്നത്. ചൊവ്വാഴ്ച നടക്കുന്ന സെമി പോരാട്ടത്തിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.