കണിയുരുളിയിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കണിക്കൊന്ന. പൂത്തുലഞ്ഞു നിൽക്കുന്ന കൊന്ന കണ്ടാൽ വിഷു എത്തി എന്ന് സാരം. കൊന്നപ്പൂക്കൾ ഇല്ലാതെ വിഷു ആഘോഷങ്ങൾക്ക് പൂർണ്ണതയില്ല എന്നാണ് സങ്കൽപ്പം. ഇലപോലുമില്ലാതെ നിറയെ പൂത്തുനിൽക്കുന്ന കൊന്നമരം ഒരു മനംകുളിർപ്പിക്കുന്ന കാഴ്ച തന്നെയാണ്. കണിക്കൊന്നയും വിഷുവും തമ്മിലെന്ത് ബന്ധം എന്നതിന് നിറയെ സങ്കൽപ്പകഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും കാലാവസ്ഥയുമായി ബന്ധപ്പെട്ട ചില വസ്തുതകളാണ് കൂടുതൽ വിശ്വസനീയമായി നിലവിലുള്ളത്. കൊടുംവേനലിനു തൊട്ടുമുൻപ് പൂവിടുകയും കാലവർഷം ആകുമ്പോഴേക്കും കായ്ക്കൾ വിത്തു വിതരണത്തിനു പാകമാവുകയും ചെയ്യുന്ന ചെടിയാണ് കണികൊന്ന. കൊന്ന പൂത്ത് ഏകദേശം 45 ദിവസത്തിനകം കാലവർഷം എത്തുമെന്നൊരു കണക്കും മുൻപുണ്ടായിരുന്നു. മീനമാസചൂടിൽ സുലഭമായി ലഭിക്കുന്ന പൂക്കൾ എന്ന നിലയിലാവാം ചിലപ്പോൾ കണിക്കൊന്ന വിഷു ആഘോഷങ്ങളുടെ ഭാഗമായി മാറിയത്. ഇന്ത്യയിലുടനീളം കാണപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ പ്രാധാന്യം മറ്റെവിടെയുമില്ല. കാരണം വിഷുവിന്റെ കണിക്ക് കൊന്ന നിർബന്ധമെന്നതുതന്നെ.