ഇന്ത്യന്‍ സേനയിലെ മൂന്ന് പ്രമുഖ വിഭാഗങ്ങളില്‍ ഒന്നാണ് വ്യോമസേന. ഇന്ത്യന്‍ സായുധ സേനയുടെ ആകാശസേനയാണ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് (ഐഎഎഫ്). ലോകത്തിലെ വായുസേനാ ശക്തികളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 1932 ഒക്ടോബര്‍ 8 ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സഹായസേനയായി ഔദ്യോഗികമായി ഇന്ത്യന്‍ എയര്‍ ഫോഴ്സ് സ്ഥാപിതമായി. അതിനാലാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 08ന് വ്യോമസേനാ ദിനം ആഘോഷിക്കുന്നത്. ഇന്ത്യന്‍ ആകാശം സുരക്ഷിതമാക്കുക, സായുധ പോരാട്ടസമയത്ത് വ്യോമയുദ്ധം നടത്തുക എന്നിവയാണ് വ്യോമസേനയുടെ പ്രാഥമിക ദൗത്യം. ഇന്ത്യന്‍ രാഷ്ട്രപതിയാണ് ഐ.എ.എഫിന്റെ സുപ്രീം കമാന്‍ഡര്‍ പദവി വഹിക്കുന്നത്. വ്യോമസേനാ ദിനത്തിൽ, ധീരരായ വ്യോമസേനാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ നേർന്നു
വ്യോമസേനയ്ക്ക് ഒക്ടോബര്‍ 08 എന്നത് ഒരു ഉത്സവ ദിനമാണ്. 1.40 ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ സേവനത്തിലുണ്ട്. ഇതില്‍ ഇരുപതു ശതമാനം ഓഫീസര്‍മാരാണ്. 33 സ്‌ക്വാഡ്രണുകളായി ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയെന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തുന്നു. അതിന്റെ ശക്തി 42 സ്‌ക്വാഡ്രണുകളായി ഉയര്‍ത്താനാണ് വ്യോമസേന പദ്ധതിയിടുന്നത്. 2021 ഒക്ടോബര്‍ 01 ന് എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി, PVSM, AVSM, VM, ADC വ്യോമസേനാ മേധാവിയായി ചുമതലയേറ്റു. എയര്‍ മാര്‍ഷല്‍ അര്‍ജന്‍ സിംഗാണ് ഐഎഎഫിലെ ഇതുവരെയുള്ള ഏക പഞ്ച നക്ഷത്ര റാങ്ക് ഉദ്യോഗസ്ഥന്‍.
1950 മുതല്‍ ഐ.എ.എഫ് അയല്‍ രാജ്യമായ പാകിസ്ഥാനുമായി നാല് യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഗോവയിലെ പോര്‍ട്ടുഗീസ് ആധിപത്യം അവസാനിപ്പിച്ച ഓപ്പറേഷന്‍ വിജയ്, ഹിമാലയത്തിലെ സിയാച്ചിന്‍ മേഖലയിലെ ആധിപത്യം ഉറപ്പിച്ച ഓപ്പറേഷന്‍ മേഘദൂത്, മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞ ഓപ്പറേഷന്‍ കാക്റ്റസ്, ശ്രീലങ്കയിലെ സൈനിക നടപടിയായ ഓപ്പറേഷന്‍ പൂമലൈ എന്നിവയാണ് ഐഎഎഫ് ഏറ്റെടുത്ത മറ്റ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിലും ഐ.എ.എഫ് പങ്കെടുക്കാറുണ്ട്
1947 -ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷവും റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് എന്നാണ് വിളിച്ചിരുന്നത്. 1950 ല്‍ ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയപ്പോള്‍ ബ്രിട്ടീഷ് ബന്ധം സൂചിപ്പിച്ചിരുന്ന റോയല്‍ എന്ന വാക്ക് നീക്കം ചെയ്തു. അന്നുമുതല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് എന്നാണ് അറിയപ്പെടുന്നത്. നൂറു കിലോമീറ്ററിനുള്ളില്‍ പോലും ശത്രുവിന്റെ നീക്കം അറിയാന്‍ കഴിയുന്ന റഫേല്‍ വിമാനമുള്‍പ്പെടെ ഇന്ത്യയുടെ ശേഖരത്തിലിന്നുണ്ട്. എന്നാല്‍ ഇവയൊക്കെ ഇന്ത്യയുടെ സുരക്ഷയ്ക്കു വേണ്ടി മാത്രമെന്നും അസന്നിഗ്ധമായി ഇന്ത്യ പ്രഖ്യാപിക്കുന്നു