പത്തനംതിട്ട: ശബരിമല ശ്രീധര്മ ശാസ്താവിന്റെ മുന്നിലൊരുക്കിയ വിഷുക്കണി കാണാൻ ആയിരക്കണക്കിന് ഭക്തർ സന്നിധാനത്ത്. പുലർച്ചെ മുതൽ വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. നാല് മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു.
അയ്യപ്പസ്വാമിക്ക് മുന്നിലെ വിഷുക്കണി കൺകുളിർക്കെ കണ്ടാണ് ഭക്തർ മലയിറങ്ങിയത്. തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. ശ്രീകോവിലിൽ പൂജിച്ച അയ്യപ്പചിത്രമുള്ള സ്വർണലോക്കറ്റിന്റെ വിതരണവും നടന്നു. ദേവസ്വം മന്ത്രി വി എൻ വാസവനാണ് വിതരണം ഉദ്ഘാടനം ചെയ്തത്.
ശബരിമല ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്തവർക്കാണ് ലോക്കറ്റുകൾ വിതരണം ചെയ്തത്. 2,000 രൂപയാണ് ബുക്കിംഗ് സമയത്ത് അടയ്‌ക്കേണ്ടത്. ബാക്കി തുക സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ അടച്ച് ലോക്കറ്റുകൾ കൈപ്പറ്റണം. 2 ഗ്രാം, 4 ഗ്രാം, 8 ഗ്രാം തൂക്കമുള്ള ലോക്കറ്റുകളാണുള്ളത്. രണ്ട് ഗ്രാം ലോക്കറ്റിന് 19,300 രൂപയാണ്. 38,600 രൂപയും ഒരു പവന് 77,200 രൂപയും അടയ്‌ക്കണം.