ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിന് സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി മാത്രമാണ് പങ്കെടുത്തത്. സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസും ചടങ്ങിൽ പങ്കെടുത്തു. വിവിധ മതമേലധ്യക്ഷന്മാർ, സാമുദായിക നേതാക്കള്‍ എന്നിവർ വിരുന്നിൽ പങ്കെടുത്തു. ഗവർണറും സർക്കാരുമായുള്ള ഭിന്നത മൂലം കഴിഞ്ഞവർഷവും മുഖ്യമന്ത്രി ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തിരുന്നില്ല.
മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ മതമേലദ്ധ്യക്ഷന്മാർ അടക്കം 400 പേർക്കായിരുന്നു ക്ഷണം. വിരുന്നിനായി അഞ്ച് ലക്ഷം രൂപ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. നവംബർ 27ന് പണം ആവശ്യപ്പെട്ട് രാജ്ഭവനിൽനിന്നു സർക്കാരിന് കത്തു നൽകിയതിനു പിന്നാലെ ഡിസംബർ 13നാണ് തുക അനുവദിച്ചത്. സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലിൽ അതൃപ്തി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നത്.
അതേസമയം കേരള സര്‍വകലാശാലയിൽ സംസ്കൃത വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ ഗവർണർക്ക് നേരെ എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. സെനറ്റ് കാമ്പസിലെ സെനറ്റ് ഹാളിന് മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. കാമ്പസിൻ്റെ ഗേറ്റുകൾ ബലമായി തുറന്ന് പോലീസിൻ്റെ സുരക്ഷാ വലയം ഭേദിച്ചായിരുന്നു സെമിനാർ ഹാളിനു പുറത്തേക്ക് പ്രവർത്തകർ എത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ആദർശ്, എവിനാൾ, ജയകൃഷ്ണൻ, അനന്തു എന്നിവരെയാണ് രാത്രി വൈകി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉൾപ്പെടെ നൂറിലധികം പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
കേരളത്തിലെ സർവ്വകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണർ ഖാൻ ശ്രമിച്ചുവെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അനുശ്രീ ആരോപിച്ചു. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തിലും നേതാക്കൾ ഗവർണറെ വിമർശിച്ചു. വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായും ഇടതുപക്ഷ സംഘടനകളുമായും തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗവർണറുടെ സർവ്വകലാശാല സന്ദർശനം എന്നതും ശ്രദ്ധേയമായിരുന്നു.