ലോകത്തെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും സന്ദേശം പകർന്ന ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തിയാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാൻസിസ് മാർപാപ്പ തുറന്നു. മാർപാപ്പ ക്രിസ്മസ് സന്ദേശവും നൽകി. യുദ്ധവും അക്രമവും കാരണം തകർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്തുമസ്നാകട്ടേയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. 25 വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം തുറന്നതോടെ കത്തോലിക്കാ സഭയുടെ ജൂബിലി വിശുദ്ധ വർഷാഘോഷങ്ങൾക്കും തുടക്കമായി. ഈ കാലയളവിൽ 3.22 കോടി തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷ.
ലോകസമാധാനത്തിനായി ഭൂമിയിൽ അവതരിച്ച ദൈവപുത്രത്തനെ സ്മരിച്ച് ക്രിസ്തുമസ് ആഘോഷിക്കുകയാണ് വിശ്വാസികൾ. ബത്‌ല ഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ സ്മരണ പുതുക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്തുമസ് പ്രത്യേക പ്രാർത്ഥനകൾ നടന്നു. സംസ്ഥാനവും വിപുലമായ ക്രിസ്മസ് ആഘോഷങ്ങളാണ് നടക്കുന്നത്. വിവിധ ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.