മൂന്നാറിൽ മാട്ടുപ്പെട്ടിയില്‍ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്ത കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണു യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങളായി മാട്ടുപ്പെട്ടി പരിസരത്തെ പുല്മേട്ടില് കുട്ടിയാനയടക്കം നാല് ആനകള്‍ മേഞ്ഞുനടക്കുന്നുണ്ട്. ഈ ആനക്കൂട്ടത്തിലുള്ള ഒറ്റയാനാണ് റോഡിലിറങ്ങി ഭീതി പരത്തിയത്.
മാട്ടുപ്പെട്ടി ഇക്കോ പോയിന്റിന് സമീപത്തെ കാട്ടില്‍നിന്ന് റോഡിലിറങ്ങിയ ആന ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി. വാഹനം പിന്നോട്ടെടുത്ത് പ്രകോപിപ്പിക്കാതെ യാത്രക്കാര്‍ കൊമ്പനു വഴിമാറുകയായിരുന്നു. ഇതോടെ ശാന്തനായി ആന കാടുകയറി.