തിരുവനന്തപുരം: വിവാദമായ ശാസ്തമംഗലത്തെ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് വി കെ പ്രശാന്ത് എംഎല്‍എ ഒഴിയുന്നു. ശാസ്തമംഗലത്ത് നിന്നും ഒരു കിലോമീറ്റർ അകലെ മരുതംകുഴിയിലേക്ക് ഓഫിസ് മാറാനാണ് തീരുമാനം. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് കോഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന് സമീപമാണ് പുതിയ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഓഫീസിലെ സാധനങ്ങൾ ഇതിനകം പുതിയ ഇടത്തേക്ക് മാറ്റി. ജനസേവനത്തിനായി പ്രവർത്തിക്കുന്ന ഓഫീസിനെച്ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഇപ്പോൾ ഓഫീസ് മാറ്റുന്നതെന്ന് വി.കെ. പ്രശാന്ത് വ്യക്തമാക്കി.
‘അനാവശ്യവിവാദങ്ങൾ വേണ്ട എന്നതുകൊണ്ടാണ് മാറുന്നത്. അനാവശ്യ വിവാദം ഉണ്ടാക്കി നമ്മൾ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളെ വിസ്മൃതിയിലാക്കാനും അപവാദം പ്രചരിപ്പിക്കാനും ഈ സന്ദർഭത്തെ പലരും വിനിയോഗിച്ചു. അതുകൊണ്ട് വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. മരുതംകുഴിയിൽ കൂടുതൽ സൗകര്യപ്രദമായ ഓഫീസ് കണ്ടെത്തി അങ്ങോട്ട് മാറിയിട്ടുണ്ട്. ജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലം എന്ന നിലയ്ക്കാണ് ഉചിതമായ ഒരു സ്ഥലം കണ്ടെത്തി 7 വർഷം അവിടെ പ്രവർത്തിച്ചത്. ഒരു തർക്കവും ഉണ്ടായിരുന്നില്ല. നിയമാനുസരണമാണ് കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് പ്രവർത്തിച്ചത്. 25000 രൂപ വാടക അലവൻസ് കിട്ടുന്നുണ്ട് എന്ന് പ്രചരിപ്പിച്ചു. ജനങ്ങൾക്ക് പ്രയോജനപ്പെടാൻ വേണ്ടിയാണ് ഇവിടെ തുടർന്നിരുന്നത്’, വി കെ പ്രശാന്ത് പറഞ്ഞു.
സ്ഥലപരിമിതി ഉള്ളതിനാൽ എംഎൽഎ ഓഫിസ് ഒഴിയണമെന്ന് വാർഡ് കൗൺസിലർ ആർ.ശ്രീലേഖ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ആദ്യം കാലാവധി തീരാതെ ഓഫീസ് ഒഴിയില്ലെന്ന നിലപാടിലായിരുന്നു എംഎൽഎ. തന്റെ വോട്ടർമാരെ കാണാൻ സൗകര്യപ്രദമായ സ്ഥലം വേണമെന്ന കൗൺസിലറുടെ ആവശ്യം ഫോൺ വഴി എംഎൽഎയെ അറിയിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

