മുതിർന്ന സിപിഎം നേതാവും എൽ ഡി എഫ് കൺവീനറുമായ ഇ പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നുവന്നത് സിപിഎമ്മിനുള്ളിൽ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന മൗനമെന്നും സതീശൻ പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ആരോപണത്തോടൊപ്പം കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള ആരോപണങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സിപിഎമ്മിനുള്ളിൽ തന്നെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിരിക്കുന്നത് അത്യന്തം ഗൗരവമേറിയതാണ്. മാധ്യ മവാർത്തയ്‌ക്ക് അപ്പുറം കൂടുതൽ മാനങ്ങൾ ഈ ആരോപണങ്ങൾക്ക് ഉള്ളതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പിണറായി വിജയൻ എന്നിവർക്കെല്ലാം അറിയുന്ന കാര്യമാണെന്നും സതീശൻ പറഞ്ഞു. സിപിഎം നേതാവായ ഇ പി ജയരാജന് എതിരെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ഇത്രയേറെ ഗുരുതരമായ ആരോപണം വന്നത് ഗൗരവമേറിയ കാര്യമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. പാർട്ടിയിലെ മുതിർന്ന നേതാവ് തന്നെയാണ് ആരോപണം ഉന്നയിച്ചത് എന്നത് കാര്യത്തിന്റെ ഗൗരവം പതിന്മടങ്ങു വർധിപ്പിക്കുന്നു. ജയരാജൻ മന്ത്രി ആയിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നുതന്നെയാണ് ഈ ആരോപണങ്ങൾ വ്യക്തമാകുന്നതെന്നും പാർട്ടി നേതാക്കൾക്കെതിരെ ഗുരുതര ആരോപണം വരുമ്പോൾ പാർട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി പറ്റില്ല എന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ചെന്നിത്തല പറഞ്ഞു