ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫിനെ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നാളെ നടക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉഷയുടെ മകൻ ഷിബിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അറിയിച്ചു.
മെഡിക്കൽ കോളേജ് ശസ്ത്രക്രിയയിൽ വയറ്റിൽ മറന്നുവെച്ച കത്രിക കണ്ടെത്തിയ പുന്നപ്ര സ്വദേശിനി ഉഷയുടെ പുനർ ശസ്ത്രക്രിയ നാളെ നടക്കുമെന്ന് അമൃത ആശുപത്രി അധികൃതരാണ് അറിയിച്ചിരിക്കുന്നത്. സിടി സ്കാൻ പരിശോധന പൂർത്തിയായി. അതിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം ഇന്ന് അമൃത ആശുപത്രിയിലെ വിവിധ ഡിപ്പാർട്ട്മെന്റിലെ ഡോക്ടർമാർ ചേർന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം നാളെയായിരിക്കും ശസ്ത്രക്രിയ നടത്തുന്നത്.
കെ.സി. വേണുഗോപാൽ എംപിയുടെ ഇടപെടലിനെത്തുടർന്നാണ് ഉഷയ്ക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ ഉറപ്പായതെന്നാണ് വിവരം. അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം ഉഷയെ വീട്ടിലെത്തി സന്ദർശിച്ചു. വണ്ടാനത്തേക്ക് പോകാൻ തനിക്ക് പേടിയാണെന്ന് വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചു. വണ്ടാനത്ത് ശസ്ത്രക്രിയ ചെയ്യാൻ താത്പര്യമില്ല. പുറത്ത് എവിടെയെങ്കിലും പോയി ചെയ്യണമെന്നും അവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഡിഎംഇ ഉത്തരവിട്ടു.

