ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുകയാണ്. പതിനെട്ടാം പടിയില്‍ മിനിറ്റില്‍ 60 പേരെ മാത്രമാണ് കടത്തിവിടുന്നത്. തിരുപ്പതി മോഡൽ ക്യൂ കോംപ്ലക്സ് ബുദ്ധിമുട്ടാകുന്നുവെന്ന് തീർത്ഥാടകർ പറയുന്നു.
മരക്കൂട്ടത്തും ശരംകുത്തിയിലും തീര്‍ത്ഥാടകര്‍ വരിനിന്ന് സഹികെട്ടു. തീര്‍ത്ഥാടകര്‍ ക്യൂവില്‍ നിൽക്കുന്നത് 12 മണിക്കൂരിൽ ഏറെ സമയമാണ്.
തിരക്ക് വർധിച്ചതിനാൽ കഴഞ്ഞ ദിവസം ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80000 ആക്കി കുറച്ചു. നിലവിൽ 90000 ആയിരുന്നു ബുക്കിംഗ് പരിധി. ബുക്കിംഗ് പരിധി 90000 ആയപ്പോൾ ഉണ്ടായ ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്ത് സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻറും സംയുക്തമായി നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണ് ബുക്കിംഗ് പരിധി കുറക്കാൻ തീരുമാനമായത്.
എന്നാൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് ദേവസ്വം ബോര്‍ഡ് പ്രതികരിച്ചു.