ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ആറ്റിങ്ങൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനുള്ള ബിജെപി നേതാക്കളുടെ തയ്യറെടുപ്പും തുടങ്ങി. ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ ഒഴിവാകാൻ വി. മുരളീധരൻ തയ്യാറെടുക്കുന്നതായുള്ള സൂചനകൾ ഉണ്ടായിരുന്നു. മോദി സർക്കാരിന്റെ വാർഷികവുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ ശോഭയെ തഴഞ്ഞ് നിരവധി പരിപാടികളിൽ പങ്കെടുത്തുവരികയാണ് വി. മുരളീധരൻ. ശോഭ സുരേന്ദ്രനെ വെട്ടി ആറ്റിങ്ങൽ മണ്ഡലം വി.മുരളീധരൻ ലക്ഷ്യം വെക്കുന്നുവെന്ന് ശോഭ പക്ഷം ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ മണ്ഡലത്തിലെ പരിപാടികളിൽ നിന്ന് ശോഭ സുരേന്ദ്രനെ പൂർണമായും ഒഴിവാക്കി. ഈഴവ വോട്ടുകൾക്ക് മുൻതൂക്കമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ.
തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ മണ്ഡലങ്ങൾക്കൊപ്പം ബിജെപി വലിയ പ്രതീക്ഷയോടെ കാണുന്ന മണ്ഡലമാണ് ആറ്റിങ്ങൽ. 2019ൽ ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിൽ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. 2021ലെ സംസ്ഥാന തെരഞ്ഞെടുപ്പിലും ശോഭ സുരേന്ദ്രൻ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടരലക്ഷത്തോളം വോട്ട് നേടി ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം ബി.ജെ.പി അണികൾക്കും അനുഭാവികൾക്കും താല്പര്യം ശോഭയോട് ആണെന്നും മുരളീധരൻ പ്രചാരണത്തിനിറങ്ങിയ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ വോട്ട് ചോർച്ച സംഭവിച്ചിട്ടുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
അതിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെ ഇറക്കി തിരുവനന്തപുരം ലോക്സഭാ മണ്ഡലം പിടിക്കാന്‍ ബിജെപി നീക്കം തുടങ്ങി. സംസ്ഥാനത്ത് എന്‍ഡിഎ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. മണ്ഡലത്തില്‍ ദേശീയ അധ്യക്ഷനെ നേരിട്ടെത്തിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി കളമൊരുക്കുകയാണ്.