സർക്കാരിനെതിരെ രാഷ്ട്രീയ പ്രതിരോധം തീർത്ത് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം. അഴിമതി ഭരണത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നുമാവശ്യപ്പെട്ടാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധം നടത്തുന്നത്. അതിനിടെ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തനെയും സെക്രട്ടേറിയേറ്റിന് മുന്നിൽ പൊലീസുകാർ തടഞ്ഞു.
‘റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെ ഉപരോധം’ എന്ന സമരത്തിന്റെ ഭാഗമായാണ് പ്രക്ഷോഭം. ഉപരോധത്തെ തുടർന്ന് സെക്രട്ടറിയേറ്റ് പരിസരം സ്തംഭിച്ചു. എം ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷൻ, തമ്പാനൂർ എന്നീ ഭാഗങ്ങളിൽ വന്‍ ഗതാഗത കുരുക്ക്. വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെ ജനം വലഞ്ഞു. ‘സർക്കാരല്ലിത് കൊള്ളക്കാർ’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം. ഇന്നു രാവിലെ 6.30നാണ് സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചത്. കന്റോൺമെന്റ് ഗേറ്റ് ഒഴികെയുള്ള എല്ലാ വഴികളും പ്രതിഷേധക്കാർ ഉപരോധിക്കുകയാണ്. സെക്രട്ടേറിയറ്റിലേക്കുള്ള വഴികളിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണമുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ഉപരോധ സമരത്തോടനുബന്ധിച്ച് കടുത്ത ജാഗ്രതയിലാണ് പോലീസ്. ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ക്രമീകരിക്കുന്നത്. പതിനാല് ഡിവൈഎസ്പിമാര്‍ക്കാണ് ചുമതല. ഗതാഗത തടസം ഒഴിവാക്കാന്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് ഉള്‍പ്പടെ പ്രത്യേക നിര്‍ദേശം പൊലീസ് നല്‍കിയിട്ടുണ്ട്.
കന്‍റോണ്‍മെന്‍റ് ഗേറ്റ് ഒഴികെയുള്ള സെക്രട്ടറിയേറ്റിലേക്കുള്ള എല്ലാ വഴികളും യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. സര്‍ക്കാരിനെതിരായ അഴിമതി, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സമരം. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഉച്ച ഭക്ഷണം കൊടുക്കാൻ കാശില്ലാത്തപ്പോഴാണ് ആയിരം വാഹനങ്ങളുടെ അകമ്പടിയിൽ മുഖ്യമന്ത്രി യാത്ര നടത്തുന്നതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പടെ മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ഉപരോധ സമരത്തിനെത്തിയിട്ടുണ്ട്.