കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ തൃശ്ശൂര്‍ ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന് മറുപടിയുമായി ശോഭാ സുരേന്ദ്രൻ. സതീശ് സി.പി.എമ്മിന്‍റെ ഉപകരണമാണെന്നും ആരോപണങ്ങള്‍ക്കുപിന്നിലെ കഥയും സംഭാഷണവും സംവിധാനവും എ.കെ.ജി. സെന്‍ററും പിണറായി വിജയനുമാണെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി. തിരൂർ സതീഷ് സിപിഎമ്മിന്റെ ടൂളാണെന്ന് രൂക്ഷഭാഷയിൽ വിമർശിച്ച ശോഭ സുരേന്ദ്രൻ, പറയുന്നത് സതീഷാണെങ്കിലും പ്രവർത്തിക്കുന്നത് എകെജി സെന്ററാണെന്നും ആരോപിച്ചു. സതീഷിനെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. പ്രസിഡന്റ് ആകാൻ തനിക്ക് അയോഗ്യതയില്ലെന്നും എന്താണ് അയോഗ്യതയെന്നും ശോഭ ചോദിച്ചു. തിരൂർ സതീഷിന്റെ കോൾ ലിസ്റ്റ് എടുക്കണമെന്നും വിളിച്ചവർ ആരൊക്കെയെന്ന് സതീഷിനെ കൊണ്ട് പറയിപ്പിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
സതീശനെ വിലയ്ക്കുവാങ്ങിയത് ആരാണെന്നും സതീശന് ആരുമായിട്ടാണ് ബന്ധമെന്നും കേരള പൊതുസമൂഹത്തിന് മുന്നില്‍ സതീശനെക്കൊണ്ട് പറയിപ്പിക്കും. സതീശന്‍ കേരളം വിട്ട് എവിടെയാണ് യാത്രചെയ്തത്. നാലുമാസം എവിടെയായിരുന്നു സതീശന്‍. തന്റെ ചെലവില്‍ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സതീശനല്ല, മുത്തുപ്പട്ടരായാലും അനുവദിക്കില്ല. സതീശന്‍ വെറും നാവാണ്. സതീശന് മറുപടിയില്ലെന്നും അവര്‍ വ്യക്തമാക്കി.
‘ബി.ജെ.പിയില്‍ വലിയ തര്‍ക്കമുണ്ടെന്നും ആ തര്‍ക്കങ്ങളിലൂടെ കേരള ഘടകത്തിലെ ഒരുവ്യക്തിയെ ലക്ഷ്യമിടാൻ ശോഭാ സുരേന്ദ്രന്‍ പരിശ്രമിക്കുന്നുണ്ടെന്നും വരുത്തിതീര്‍ക്കാന്‍ എ.കെ.ജി. സെന്റര്‍ ഒരുക്കിയ തിരക്കഥയുടെ നാവുമാത്രമാണ് സതീശന്‍. സതീശനെ വിലയ്‌ക്കെടുത്തിട്ട് ഒരുവര്‍ഷത്തിലേറെയായി. നാവ് സതീശന്റേതാണെങ്കിലും പ്രവര്‍ത്തിക്കുന്നത് എ.കെ.ജി. സെന്ററാണ്. ബി.ജെ.പിയില്‍ സംസ്ഥാന പ്രസിഡന്റാവുന്നതിനായി താൻ സതീശനെക്കൊണ്ട് ഇക്കാര്യം പറയിപ്പിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ഈ തിരക്കഥ ആരാണ് സൃഷ്ടിക്കുന്നത്? ശോഭാ സുരേന്ദ്രന് സംസ്ഥാന പ്രസിഡന്റാവാന്‍ എന്താണ് അയോഗ്യത. നൂലില്‍ കെട്ടി ഇറങ്ങി വന്നയാളല്ല ഞാന്‍. ഗൗരിയമ്മയ്ക്കും അജിതയ്ക്കും ശേഷം ഏറ്റവും ബ്രൂട്ടലായ ലാത്തി ചാര്‍ജ് ഏറ്റുവാങ്ങിയ ഓപ്പറേഷനുവരെ വിധേയമാക്കപ്പെട്ട സ്ത്രീയാണ്. എന്താണ് എന്റെ അയോഗ്യത’, ശോഭ ചോദിച്ചു.