ബിഡിജെഎസ് അധ്യക്ഷനും കേരള എന്‍ഡിഎ ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിയില്‍ ബിജെപി അഖിലേന്ത്യ പ്രസിഡന്റ് ജെപി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തി. കേരളത്തില്‍ എന്‍ഡിഎ വിപുലീകരിക്കുന്നതിനെക്കുറിച്ചും ബിഡിജെഎസിന്റെ സീറ്റുകളുടെ കാര്യത്തിലുമാണ് ഇരുവരും ചര്‍ച്ച നടത്തിയത്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിച്ച സീറ്റുകള്‍ കൂടാതെ അധിക സീറ്റുകള്‍ കൂടി തുഷാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇക്കുറി ബിഡിജെഎസ് ഏഴ് സീറ്റുകളാണ് ആവശ്യപ്പെടുന്നത്. വയനാട്, ചാലക്കുടി, തൃശൂര്‍, കോട്ടയം, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നിവയാണ് ബിഡിജെഎസ് ആവശ്യപ്പെടുന്ന സീറ്റുകള്‍.
നെല്‍, റബര്‍ കര്‍ഷകര്‍ക്കു താങ്ങു വിലയ്ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും നദ്ദയ്ക്കു നല്‍കിയ നിവേദനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പദ്ധതികള്‍ കേരളത്തിലെ ഓരോ വീടുകളിലും എത്തിച്ച് അതുവഴി വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കാന്‍ സാധിക്കുമെന്നും ഇരുവരും ചര്‍ച്ചയില്‍ പ്രത്യാശ പ്രകടിപ്പിച്ചു. വരും ദിവസങ്ങളില്‍ ശക്തമായ പ്രചാരണങ്ങള്‍ നടത്തുവാനും അതിനായി എന്‍ഡിഎ യുടെ വിശാലമായ യോഗം കേരളത്തില്‍ ചേരുവാനും തീരുമാനിച്ചു.