ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവനക്കെതിരേ തന്‍റെ ഐഡി പങ്കുവെച്ച് എഐസിസി വക്താവ് ഷമ മുഹമ്മദ്. ഇന്ത്യൻ നാഷണല്‍ കോൺഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ വക്താക്കളുടെ പട്ടികയിലെ തന്റെ ചിത്രം സഹിതമുള്ള വിവരണമാണ് ഷമാ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കോൺഗ്രസ് പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തിനെതിരെയാണ് നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത് വന്നത്.
കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഷമാ മുഹമ്മദ് രംഗത്ത് വന്നത് പാര്‍ട്ടിയെ വെട്ടിലാക്കി. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന് കെ സുധാകരൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാർട്ടി മനസ്സിലാക്കണമെന്നും ഷമ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാല്‍ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെയെന്നും ഷമ മുഹമ്മദ് വിമര്‍ശിച്ചു.