കഴിഞ്ഞ അഞ്ച് മാസമായി ലൈഫ് മിഷൻ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഈ മാസം പന്ത്രണ്ടിന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ഫെബ്രുവരി 14 ന് അറസ്റ്റിലായ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക ഇഡി കോടതിയും ഹൈക്കോടതിയും തളളിയിരുന്നു. ഇതിനെതിരെ ശിവശങ്കർ കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതിയിൽ നൽകിയ ഹർജിയാണ് ഈ മാസം പന്ത്രണ്ടിന് പരിഗണിക്കുക. ചികിത്സക്കായി ഇടക്കാല ജാമ്യം വേണമെങ്കിൽ വിചാരണക്കോടതിയെ സമീപിക്കാമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഇടക്കാല ജാമ്യമെന്ന ആവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തളളി.
അതേസമയം ലൈഫ് മിഷൻ അഴിമതിക്കേസിലെ കിംങ് പിൻ ശിവശങ്കറാണെന്നും ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്നുമാണ് ഇഡിയുടെ വാദം. വടക്കാഞ്ചേരി മാത്രമല്ല മറ്റു ജില്ലകളിലും കമ്മീഷൻ അടിസ്ഥാനത്തിൽ ലൈഫ് പദ്ധതിക്ക് ശിവശങ്കർ ഗൂഢാലോചന നടത്തിയെന്നും ഇഡി ആരോപിക്കുന്നു. ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ പ്രതികളായ സന്തോഷ് ഈപ്പൻ , സരിത്, സ്വപ്ന എന്നിവരുടെ മൊഴിയും ഇഡി കോടതിയിൽ നിരത്തുന്നുണ്ട്.
എന്നാൽ സ്വപ്ന സുരേഷ് അടക്കമുളള കൂട്ടു പ്രതികളുടെ മൊഴികൾ മാത്രം കണക്കിലെടുത്താണ് ശിവശങ്കറിനെതിരെ കുറ്റം ചുമത്തിയതെന്നാണ് എതിർ വാദം. ലൈഫ് മിഷൻ അഴിമതിക്കേസിൽ കോഴപ്പണം നേരിട്ട് നൽകിയവരും നേരിട്ട് വാങ്ങിയവരും പുറത്തുനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ തുടരുന്നത് എന്നും ആരോപണം ഉണ്ട്.