ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ഭൂമി ഏറ്റെടുമ്പോൾ സമഗ്രമായ നഷ്ടപരിഹാര പാക്കേജ് തയാറാക്കണം എന്നാണ് നിർദേശം. കൃത്യമായ നഷ്ടപരിഹാരം, സമയ ബന്ധിത പുനരധിവാസം എന്നിവ ജനങ്ങൾ പ്രതീക്ഷിക്കുന്നതായി സാമൂഹ്യ ആഘാത പഠന റിപ്പോർട്ടിൽ പറയുന്നു. പാരിസ്ഥിതികാനുമതി ഉള്‍പ്പെടെ കേന്ദ്ര അനുമതികള്‍ ഇനിയും ലഭിക്കാനുണ്ട്. ഭൂമിയുടെ അതിര്‍ത്തിനിര്‍ണയം അംഗീകരിച്ചാല്‍ പ്രതിരോധ മന്ത്രാലയം, വ്യോമയാനമന്ത്രാലയം എന്നിവയുടെ അനുമതിയും ആവശ്യമാണ്. അതിനുശേഷമാണ് വിശദപദ്ധതിരേഖ തയ്യാറാക്കുക.
സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് പരിശോധിച്ച വിദഗ്ധ സമിതി ശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഉത്തരവ്. പദ്ധതി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും പദ്ധതിക്ക് അനുകൂലമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ. സാമൂഹ്യ നീതി ഉറപ്പാക്കും വിധം പുനരധിവാസ പാക്കേജ് തയാറാക്കണമെന്നും വിദഗ്ധ സമിതി നിര്‍ദേശിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയാണ് ഭൂമി ഏറ്റെടുക്കലിന് റവന്യു വകുപ്പ് ഉത്തരവ് ഇറക്കിയത്.
സമഗ്രമായ കേരള നഗരനയ കമ്മീഷൻ രൂപീകരിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഡോ. എം. സതീഷ് കുമാര്‍ അധ്യക്ഷനായ കമ്മീഷൻ ഒരു വർഷത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെ ആദ്യമായി സ്വന്തം നഗര നയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് സർക്കാർ അവകാശപ്പെട്ടു. സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിന്റെ രൂപീകരണവും നടത്തിപ്പും സംബന്ധിച്ച് കെ – ഡിസ്ക്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവയോൺമെന്റ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി എന്നിവർ ചേർന്ന് ഒപ്പിടേണ്ട ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു. ശബരിമല വിമാനത്താവള പദ്ധതി വിഭാവനം ചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിലും റണ്‍വേക്കായി നിശ്ചയിച്ച ജനവാസ മേഖലയിലെ സ്വകാര്യഭൂമികളിലും അതിര്‍ത്തി നിര്‍ണയിച്ച് അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവള പദ്ധതിയുടെ റണ്‍വേക്കായി ജനവാസമേഖലയില്‍ ഏറ്റെടുക്കുന്നത് 165 ഏക്കർ ഭൂമിയാണ്. 307 ഏക്കറാണ് സര്‍ക്കാര്‍ ആദ്യം നോട്ടിഫൈ ചെയ്തത്. എന്നാല്‍, റണ്‍വേക്കായി എരുമേലി-മണിമല പഞ്ചായത്തുകളിലായി 165 ഏക്കറേ വേണ്ടിവരൂ എന്നാണ് അന്തിമ അതിര്‍ത്തിനിര്‍ണയത്തില്‍ ഉദ്യോഗസ്ഥര്‍ നിജപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ കുറ്റി നാട്ടൽ പ്രക്രിയ്ക്ക് തുടക്കമായി.കഴിഞ്ഞ ദിവസം രാവിലെ അതിർത്തി നിർണയ ജോലികൾ ചെയ്യുന്ന മെറിഡിയൻ ഗ്രൂപ്പ് ആണ് കുറ്റി നാട്ടൽ ആരംഭിച്ചത്. മണിമല പഞ്ചായത്തിലെ ചാരുവേലി ഭാഗത്താണ് ഇന്നലെ പെഗ് മാർക്കിങ് നടത്തിയത് .നിലവിൽ പത്തോളം കുറ്റികൾ ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു. ചെറുവള്ളി എസ്റ്റേറ്റിന് പുറമെ 160 ഏക്കർ സ്വകാര്യ ഭൂമിയാണ് വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കുന്നത്.വിമാനത്താവള പ്രാരംഭ നടപടികൾക്ക് ചുക്കാൻ പിടിക്കുന്ന റിട്ട .ഡപ്യൂട്ടി കളക്ടർ അജിത്കുമാർ ഉൾപ്പെടയുള്ള സംഘം പെഗ് മാർക്കിങ് ജോലികൾക്ക് നേതൃത്വം നൽകി.