പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ വരവേൽക്കാൻ ഒരുങ്ങി തലസ്ഥാനനഗരം. നിരവധി പദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്ന് പ്രധാനമന്ത്രി തലസ്ഥാനത്ത് നിർവഹിക്കുക. കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ്ചെയ്യും. രാവിലെ 10.10ന് ശംഖമുഖത്ത് എയർഫോഴ്സിന്റെ ഏര്യയിൽ എത്തുന്ന പ്രധാനമന്ത്രിയെ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് സ്വീകരിക്കും.
തിരുവനന്തപുരം സെൻട്രൽ റെയിൽവ സ്റ്റേഷനിൽ രാവിലെ 10.30ന് വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയിൽവെ സ്റ്റേഷനിൽ പ്രധാനമന്ത്രി ചെലവഴിക്കും. 11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ പരിപാടികൾ തുടങ്ങും. 3200 കോടിയിലേറെ രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഡിജിറ്റൽ സയൻസ് പാർക്കിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും.
റെയില്‍വേയുമായി ബന്ധപ്പെട്ട് കോടികളുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്യുന്നത്. ദക്ഷിണ റെയില്‍വെയുടെ പാലക്കാട്, തിരുവനന്തപുരം ഡിവിഷന് കീഴിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം തുടര്‍ന്ന് നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ പ്രധാന ടെര്‍മിനലായും കൊച്ചുവേളിയും നേമവും ഉപ ടെര്‍മിനലായും വികസിപ്പിക്കുന്ന പദ്ധതിയാണിവ. 156 കോടിയാണ് ചെലവ്. തിരുവനന്തപുരം സെന്‍ട്രല്‍, കൊച്ചുവേളി, നേമം, വര്‍ക്കല, കോഴിക്കോട് സ്റ്റേഷനുകള്‍ ലോക നിലവാരത്തിലാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യും. വിമാനത്താവള മാതൃകയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന് വികസിപ്പിക്കാന്‍ 496 കോടിരൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
വര്‍ക്കല ശിവഗിരി സ്റ്റേഷനില്‍ നടപ്പാക്കുന്നത് 170 കോടി രൂപയുടെ പുനര്‍നവീകരണമാണ്. നാല് പുതിയ ട്രാക്കുകള്‍ ഉള്‍പ്പെടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 473 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. തിരുവനന്തപുരം ഷോര്‍ണൂര്‍ സെക്ഷനിലെ ട്രെയിന്‍ വേഗം 110 കിലോ മീറ്ററാക്കുന്ന പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ്, സംസ്ഥാന മന്ത്രിമാരായ വി അബ്ദുറഹിമാന്, ആന്റണി രാജു, ശശി തരൂര്‍ എംപി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടന പരിപാടികള്‍ക്കു ശേഷം ഉച്ചയ്ക്ക് 12.40 ഓടെ പ്രധാനമന്ത്രി സൂറത്തിലേക്ക് യാത്ര തിരിക്കും.