സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള ഇന്ന് എറണാകുളത്ത് തുടങ്ങും. മേളയുടെ ഉദ്ഘാടനം വൈകീട്ട് 6-ന് സവിത തിയേറ്ററിൽ നടി ഉർവശി നിർവഹിക്കും. 10 മുതൽ 13 വരെ സവിത, സംഗീത തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 31 സിനിമകൾ പ്രദർശിപ്പിക്കും.
28-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ദ ഗ്രീൻ ബോർഡർ പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ 26 സിനിമകളാണ് പ്രദർശിപ്പിക്കുക. ഐ.എഫ്.എഫ്.കെ.യിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ലഭിച്ച വനൂരി കഹിയുവിന്റെ ‘റഫീക്കി’, ഹോമേജ് വിഭാഗത്തിൽ കഴിഞ്ഞ വർഷം അന്തരിച്ച സുമിത്ര പെരിസിന്റെ ദ ട്രീ ഗോഡസ് തുടങ്ങിയ ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകും.
ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം വെള്ളിയാഴ്ച ആരംഭിച്ചു. സവിത തിയേറ്റർ പരിസരത്ത് ചലച്ചിത്ര സംവിധായികയും കോസ്റ്റ്യൂം ഡിസൈനറുമായ സ്റ്റെഫി സേവ്യർ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം ആദ്യ പാസ് നടൻ ജയസൂര്യക്ക് നൽകി നടി ജോളി ചിറയത്ത് നിർവഹിച്ചു. സവിത തിയേറ്റർ പരിസരത്ത് വൈകീട്ട് നടന്ന ചടങ്ങിൽ നടി അന്ന ബെൻ ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.