ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ടയിലെ പ്രായം കൂടിയ താര എന്ന പിടിയാന ചരിഞ്ഞു. ഇന്നലെയാണ് പ്രായാധിക്യത്തെത്തുടര്‍ന്ന് താര ചരിഞ്ഞത്. ആറു പതിറ്റാണ്ടിലേറെ ഗുരുവായൂരപ്പന്‍റെ തിടമ്പേറ്റിയിരുന്നു. പുന്നത്തൂര്‍ ആനക്കോട്ട തുടങ്ങിയപ്പോള്‍ ഗുരുവായൂര്‍ കേശവനൊപ്പം കോട്ടയിലേക്ക് വന്ന ആനകളിലൊന്നായിരുന്നു താര.
ഗുരുവായൂർ ദേവസ്വത്തിൻ്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം താരക്ക് 71 വയസ്സാണ് പ്രായം. തൊണ്ണൂറു വയസ്സിലേറെ പ്രായമുള്ളതായാണ് കണക്കാക്കിയിരുന്നത്. 1957 മെയ് ഒൻപതിനാണ് താരയെ കമല സര്‍ക്കസ് ഉടമ കെ. ദാമോദരന്‍ നടയിരുത്തിയത്. ഗുരുവായൂർ കേശവൻ ഉണ്ടായിരുന്ന സമയത്ത് സജിവമായി ഉണ്ടായിരുന്ന ആനയാണ് താര. ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമേറിയ ആനയെന്നാണ് കരുതുന്നത്.
താരയുടെ ജഡം ഇന്ന് പത്തരയോടെ സംസ്കരിക്കാനായി കോടനാട്ടേക്ക് കൊണ്ടുപോയി. 9 കൊല്ലം മുമ്പാണ് ആന എഴുന്നെള്ളിപ്പിന് പോയത്. പിന്നീട് കെട്ടും തറിയിൽ തന്നെയായിരുന്നു നിൽപ്പ്. അഞ്ചു കൊല്ലം മുമ്പ് ഗജമുത്തശ്ശി പദവി നൽകിയിരുന്നു.കിടക്കാനാവാത്തതിനാല്‍ ഒരു കൊല്ലമായി രണ്ട് തേക്കിന്‍ കഴകളില് മെത്ത കെട്ടി ചാരി നിര്‍ത്തിയായിരുന്നു ഉറങ്ങാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. ഗുരുവായൂർ ദേവസ്വത്തിന്റെ ബഹുമതികളോടെയാണ് യാത്രയയപ്പ് നൽകിയത്.