വേനൽക്കാലം ആരംഭിക്കാനിരിക്കെ സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ ആറ് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും (2024 ഫെബ്രുവരി 19, 20 ) എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സാധാരണയെക്കാൾ 2 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ഉയരും എന്നാണ് അറിയിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചൂട് വർധിക്കുന്നത് കാരണം നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേൽക്കാനുള്ള സാധ്യതയുള്ളതിനാൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ പകൽ 11 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്.സി/സി.എച്ച്.സി മെഡിക്കൽ ഓഫീസർമാർക്കും, താലൂക്ക്/ജില്ലാ/ജനറൽ ആശുപത്രി/മെഡിക്കൽ കോളേജ് സൂപ്രണ്ടുമാർക്കും അടിയന്തിര നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.