അതിജീവിതയെ അധിക്ഷേപിച്ച കേസിൽ നാലാം പ്രതിയായ KPCC ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച (ഡിസംബർ 5ന് ) പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. ഇരയുടെ പേര് വെളിപ്പെടുത്തുന്ന തരത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് സന്ദീപ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.
ബലാത്സംഗ-ഭ്രൂണഹത്യ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി വ്യാപക തിരച്ചിൽ ആരംഭിച്ച് പൊലീസ്. തമിഴ്‌നാട്ടിലും,പാലക്കാടും,പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നത്. പാലക്കാട് നിന്നും രാഹുൽ രക്ഷപെട്ടത് ഒരു സിനിമാതാരത്തിന്റെ കാറിലാണെന്നും അന്വേഷണ സംഘം സംശയിക്കുന്നു. മറ്റന്നാൾ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുൻപ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം, അതിജീവിതയെ സാമൂഹ്യ മാധ്യമത്തിൽ അധിക്ഷേപിച്ച കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം തുടരുകയാണ്. ഇന്നലെ പൂജപ്പുര ജില്ല ജയിലിൽ പ്രവേശിച്ചതിനു പിന്നാലെ ചായയും വെള്ളവും മാത്രമാണ് രാഹുലിന്റെ ഭക്ഷണം. ഭർത്താവിൻറെ സമരം നീതിക്കുവേണ്ടിയുള്ളതാണെന്ന് ദീപ രാഹുൽ ഈശ്വർ പ്രതികരിച്ചു. സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വറിനായി അന്വേഷണം സംഘം കസ്റ്റഡി അപേക്ഷ നൽകും.

