തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ മുന്‍മന്ത്രിയും എം എൽ എയുമായ കെ. ബാബുവിന് തിരിച്ചടി. മണ്ഡലത്തിലെ കെ. ബാബുവിന്റെ വിജയം ചോദ്യംചെയ്തുള്ള കേസില്‍ വിചാരണ തുടരാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ഹൈക്കോടതി ഉത്തരവിനെതിരെ ബാബു നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇടത് സ്ഥാനാര്‍ഥിയായിരുന്ന എം.സ്വരാജ് സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സുപ്രീം കോടതി വിചാരണയ്ക്കുള്ള സ്റ്റേ നീക്കിയതയോടെ കേസില്‍ ഹൈക്കോടതി നടപടികള്‍ ഉടന്‍ പുനരാംഭിക്കും.
2021ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എം.സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായ കെ.ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചു എന്നായിരുന്നു സ്വരാജ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. അയ്യപ്പനെ പ്രചാരണായുധമാക്കിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.