വാഹനം ഓടിക്കുമ്പോൾ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാത്ത രീതിയിൽ എങ്ങനെ പരസ്യം പ്രദർശിപ്പിക്കാം എന്ന പദ്ധതി തയ്യാറാക്കാൻ കെഎസ്ആർടിസിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ബസുകളിലെ പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആർടിസി നൽകിയ ഹർജി പരിഗണിക്കുകവെയാണ് കോടതി ഇപ്രകാരം നിരീക്ഷിച്ചത്. എത്ര സമയംകൊണ്ട് പദ്ധതി നടപ്പാക്കാം എന്നും വ്യക്തതവരുത്തി അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
വടക്കാഞ്ചേരി ബസ് അപകടത്തിനുശേഷം സ്വമേധയാ എടുത്ത കേസിലാണ് കേരള ഹൈക്കോടതി കെഎസ്ആർടിസി ബസുകളിലെ പരസ്യങ്ങൾ നീക്കം ചെയ്യാനും അനുസരിക്കാത്ത ബസ്സുകൾക്കെതിരെ നടപടിയെടുക്കാനും മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയത്. ഇതിനെതിരെ കെഎസ്ആർടിസി സുപ്രീംകോടതിക്ക് ഹർജി നൽകിയിരുന്നു. പരസ്യം ഇല്ലാതായാൽ കെഎസ്ആർടിസിക്ക് വരുമാനനഷ്ടം ഉണ്ടാകുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഹെയർ ഓയിൽ, ടൂത്ത്പേസ്റ്റ് പോലുള്ളവയുടെ പരസ്യം കൊടുക്കുന്നത് കൊണ്ട് എന്ത് ശ്രദ്ധ തെറ്റാനാണെന്നും ചില്ലുകളിൽ ചിത്രങ്ങൾ പതിപ്പിക്കുകയും അനാവശ്യമായ എൽഇഡി ലൈറ്റുകൾ ഘടിപ്പിക്കുകയും ചെയ്യുന്നത് കെഎസ്ആർടിസി അല്ല സ്വകാര്യ ബസ്സുകളിലാണ് എന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിലാണ് ഹൈക്കോടതിയുടെ ആശങ്കകളും കെഎസ്ആർടിസിയുടെ പ്രയാസങ്ങളും ഒരുപോലെ പരിഹരിക്കുന്ന പദ്ധതിയുമായി വരാൻ കോടതി കെഎസ്ആർടിസിയോട് നിർദേശിച്ചത്. ബസ്സിലെ പരസ്യങ്ങൾ കാൽനടയാത്രക്കാരുടെയോ മറ്റു വാഹനങ്ങളുടെയോ ഡ്രൈവർമാരുടെയോ ശ്രദ്ധതിരിക്കും എന്ന വാദത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ പഠനങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് കെഎസ്ആർടിസിയുടെ വാദം. കെഎസ്ആർടിസിയുടെ നിർദ്ദേശങ്ങൾ പരിശോധിക്കുവാൻ ഹൈക്കോടതിയോട് അഭ്യർത്ഥിക്കുമെന്നും കേസ് ഈ മാസം 9ന് പരിഗണിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.