ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ 63-മത് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന് സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരം നടത്തി.
വയനാട് ഉരുൾപൊട്ടല്‍ ദുരന്തം തകർത്തെറിഞ്ഞ വെള്ളാർമല സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തമായിരുന്നു ഉദ്ഘാടന വേദിയിലെ പ്രധാന ആകർഷണം. സ്കൂൾ ബാഗുമായാണ് കുട്ടികൾ വേദിയിലേക്ക് വന്നത്. പിന്നീട് നൃത്തരൂപത്തിൽ അവതരിപ്പിച്ച ഉരുൾ പൊട്ടലിന്റെ നടുക്കവും മലവെള്ളപ്പാച്ചിലിന്റെ ഭീകരതയും കാണികളുടെ ഉള്ളുലയ്ക്കുന്ന കാഴ്ചകളായി. ‘വെള്ളാർമല സ്കൂൾ തിരികെ വരും, ഞങ്ങൾ ഉയർത്തെഴുന്നേല്‍ക്കും’ എന്ന പ്രതീക്ഷ പങ്കുവച്ചാണ് നൃത്തം അവസാനിച്ചത്.
കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്തെ സംബന്ധിച്ച് വലിയ നഷ്ടം സംഭവിച്ച വര്‍ഷമാണ് കടന്നുപോയിരിക്കുന്നതെന്ന് കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എം ടി വാസുദേവന്‍ നായര്‍ വിടവാങ്ങിയ വര്‍ഷമാണ് കടന്നുപോയത്. എല്ലാവര്‍ഷവും അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ക്ക് വ്യത്യസ്തമായ വ്യാഖ്യാനമുണ്ടാകുന്ന വേദിയാണ് സ്‌കൂള്‍ കലോത്സവം. കേരളത്തെ ആകെ ദുഃഖത്തിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായത് കഴിഞ്ഞ വര്‍ഷമാണ്. അതിന്റെ സാഹചര്യത്തില്‍ അവിടുത്തെ കുട്ടികള്‍ക്ക് പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായി. അതിനെ മറികടക്കാനുള്ള സത്വര നടപടികളിലുടെ അവരെ നമുക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. ആ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇന്ന് ഈ വേദിയില്‍ സംഘനൃത്തം അവതരിപ്പിക്കുകയാണ് ആ നിലയ്ക്ക് കലാപ്രകടനം എന്നതിലുപരി അതിജീവനനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണ് ഈ കലോത്സവ വേദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ ജി ആര്‍ അനില്‍, കെ രാജന്‍, എ കെ ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, കളക്ടര്‍ അനുകുമാരി, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിജയമല്ല പങ്കെടുക്കലാണ് പ്രധാനപ്പെട്ട കാര്യമെന്ന് മത്സരാർത്ഥികളോടു മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മത്സരാർത്ഥികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് 1500 രൂപയായി വര്‍ധിപ്പിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.