തിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന. ഇതിനായി പ്രത്യേകം സജ്ജീകരിച്ച ഭക്ഷ്യസുരക്ഷ മൊബൈൽ ലാബുകൾ പ്രവർത്തിക്കും. ഫെബ്രുവരി 27ആം തീയതി മുതൽ ഉത്സവ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആയിരിക്കും പരിശോധന നടക്കുക. ഉത്സവം നടക്കുന്ന മേഖലകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്മാർ പരിശോധന നടത്തും. രാത്രികാല പരിശോധനയ്ക്കായി പ്രത്യേക സംഘങ്ങളും ഉണ്ടായിരിക്കും. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല 2023 മാർച്ച് ഏഴാം തീയതി ചൊവ്വാഴ്ചയാണ് നടക്കുക. പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് 10 ദിവസത്തെ ഉത്സവം ഉണ്ടാകും. ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് പൊങ്കാല നടത്തുന്നത്.
ഉത്സവവുമായി ബന്ധപ്പെട്ട് താൽക്കാലിക കടകളും അന്നദാന വഴിപാടുകളും നടത്തുന്നവർക്ക് ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ എടുക്കുന്നതിനായി ഫെബ്രുവരി 27 തിങ്കളാഴ്ച മുതൽ ക്ഷേത്ര പരിസരത്തുള്ള കൺട്രോൾ റൂമിൽ പ്രത്യേക കേന്ദ്രം ഒരുക്കും. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 6 മണി വരെ ആയിരിക്കും ഇതിന്റെ പ്രവർത്തന സമയം. അന്നദാനം നടത്തുന്നവർക്കും, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന താൽക്കാലിക കടകൾ നടത്തുന്നവർക്കും സുരക്ഷിതമായ ഭക്ഷണം ഭക്തർക്ക് നൽകുന്നതിനായി പ്രത്യേക പരിശീലന പരിപാടി ഏർപ്പെടുത്തി.
പൊങ്കാല നേദിക്കുന്ന ഭക്തർ ഗുണനിലവാരം ഉള്ളതും വിശദാംശങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ളതുമായ ഭക്ഷ്യവസ്തുക്കളും പാക്കറ്റുകളും ഉപയോഗിച്ച് മാത്രം പൊങ്കാല തയ്യാറാക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു. ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്തർക്കുണ്ടാകുന്ന പരാതികൾ ടോൾഫ്രീ നമ്പർ ആയ 1800 425 1125 ൽ വിളിച്ച് അറിയിക്കാൻ സാധിക്കുന്നതാണെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചിട്ടുണ്ട്.