സ്പീക്കര്‍ എഎന്‍ ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസിലെ ടിടിഇയെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി. സ്പീക്കറാണെന്ന് അറിയിച്ചിട്ടും ഔദ്യോഗിക പദവിയെ ബഹുമാനിച്ചില്ലെന്നാണ് ടിക്കറ്റ് എക്സാമിനറിനെതിരെയുള്ള ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേഭാരതില്‍ യാത്ര ചെയ്യുന്നതിനിടെ ടിടിഇ മോശമായി പെരുമാറിയെന്നാണ് പരാതി. ടിക്കറ്റ് എക്സാമിനർക്കെതിരെ സതേൺ റയിൽവേക്ക് സ്പീക്കർ പരാതി നൽകി. ചീഫ് ടിടിഇ ജി.എസ് പത്മകുമാറിനെതിരെ ആണ് പരാതി നൽകിയത്. 30ന് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വന്ദേ ഭാരത് എക്‌സ്പ്രസിലാണ് സംഭവം.
ഇത് സംബന്ധിച്ച് ഷംസീർ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടസ്ഥാനത്തിലാണ് വന്ദേഭാരതിലെ ഡ്യൂട്ടിയില്‍ നിന്നും എസ് പത്മകുമാറിനെ നീക്കം ചെയ്തത്. എന്നാല്‍ സ്പീക്കറോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് ടിടിഇമാരുടെ യൂണിയന്‍റെ പ്രതികരണം. സ്പീക്കർ ഷംസീറിന്റെ സുഹൃത്ത് മതിയായ ടിക്കറ്റ് ഇല്ലാതെ ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് പരാതിക്ക് കാരണമെന്ന് ടിടിഇമാരുടെ സംഘടന പ്രതികരിച്ചു.