കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്ന പത്മജ വേണുഗോപാലിനെ രൂക്ഷമായി വിമർശിച്ച കെ മുരളീധരന് ശക്തമായ മറുപടിയുമായി ബിജെപി നേതാവും ആലപ്പുഴ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ. ‘‘ഇന്ന് ഭാരതീയ ജനതാ പാർട്ടിക്ക് രാശിയുള്ള ദിവസമാണ്. ഡൽഹിയിൽ ഇന്ന് നടക്കുന്ന ചർച്ച പെട്ടെന്ന് ഒരുമിനുട്ടിൽ നടന്നതല്ല. എന്നോടൊപ്പം ഒരു സഹോദരി കൂടി പ്രസ്ഥാനത്തിലേക്ക് കടന്ന് വരുന്നു എന്ന ശുഭ വർത്തയുമായാണ് ഞാൻ ആലപ്പുഴയിലേക്ക് എത്തിയിരിക്കുന്നത്. മുരളീധരന് ശക്തമായി മറുപടി പറയണമെന്നുണ്ട്. പറയാത്തത് കുറച്ചു നാൾ കഴിഞ്ഞു മുരളീ ജി എന്ന് അദ്ദേഹത്തെ വിളിക്കേണ്ടി വന്നാലോ എന്ന് ആലോചിച്ചാണ്. ഭാരതീയ ജനതാ പാർട്ടിയിലേക്ക് അദ്ദേഹം കൂടി കടന്ന് വരാൻ സാഹചര്യമൊരുക്കുന്നതാണ് ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലം. കരുണാകരൻ ജീവിച്ചിരിക്കുമ്പോൾ രാഷ്ട്രീയ ലാഭം നോക്കി തള്ളി പറഞ്ഞയാൾ ആണ് മുരളീധരൻ’’- ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള സഹോദരി പത്മജ വേണുഗോപാലിന്റെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവില്ലെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. കരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്നും ഇനി പത്മജയുമായി യാതൊരു ബന്ധവുമില്ലെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞിരുന്നു. കോൺഗ്രസിൽ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാൻ നോക്കി തുടങ്ങിയ കര്യങ്ങൾ പറയുന്നത് കണ്ടു. അതൊന്നും ശരിയല്ല. കോൺഗ്രസ് എന്നും നല്ല പരിഗണന ആണ് കൊടുത്തത്. പത്മജയെ എടുത്തത് കൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
അതേസമയം ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായും പത്മജ ചർച്ച നടത്തിയിരുന്നു. മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. പത്മജ വേണുഗോപാൽ ഇന്ന് വൈകിട്ട് 5ന് ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.