ആരോഗ്യമന്ത്രി മന്ത്രി വീണ ജോർജിനെ ഒറ്റതിരഞ്ഞ് ആക്രമിക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി
ചെറുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. വീണ ജോർജിനെ അപമാനിക്കുന്നതിലൂടെ കേരളത്തിലെ സ്ത്രീത്വത്തെ തന്നെ അപമാനിക്കുകയാണ് പ്രതിപക്ഷം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം വഞ്ചിയൂർ ഏരിയ കമ്മിറ്റി മാലിന്യ മുക്ത കേരളം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകളുൾപ്പെടെ അനാവശ്യ ആക്ഷേപങ്ങൾ ആണ് മന്ത്രി വീണ ജോർജിനെതിരെ ഉന്നയിക്കുന്നത്. മുൻ മന്ത്രിമാർ ഇക്കാര്യത്തിൽ മത്സരിക്കുകയാണ്. ഏറ്റവും ദുഃഖകരമായ അന്തരീക്ഷത്തെ പോലും ആരോപണങ്ങളുടെ അന്തരീക്ഷം ആക്കി മാറ്റുന്ന ഏറ്റവും നീചവും നികൃഷ്ടവുമായ പ്രവൃത്തിയാണ് ഇവർ ചെയ്യുന്നത്. . ദാരുണമായ ഒരു സംഭവത്തെ അപലപിക്കുകയല്ല ഇവരുടെ ലക്ഷ്യം. മറിച്ച് ആ സംഭവത്തെ ഇടതുപക്ഷത്തെ എതിർക്കാനുള്ള കാരണം ആക്കുകയാണ് പ്രതിപക്ഷം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഖകരമായ സാഹചര്യത്തിലെ വാക്കുകളെ വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയാണ്. അത് കേരള ജനത തിരിച്ചറിയുന്നുണ്ട്. കേരളം ഒറ്റക്കെട്ടായി കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തോടൊപ്പം ഉണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പരമാവധി ശ്രമിക്കും. ഇതിനിടയിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉന്നം വച്ചുള്ള പ്രവർത്തനങ്ങൾ കേരള ജനത തിരിച്ചറിയും എന്നത് തീർച്ചയെന്നും വി. ശിവൻകുട്ടി പറഞ്ഞു.