തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ മുൻ എംഎൽഎയും സിനിമാ സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചലച്ചിത്ര പ്രവർത്തകയുടെ പരാതിയെ തുടർന്നാണ് കുഞ്ഞുമുഹമ്മദിനെതിരെ കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തത്. ഡിസംബർ 20ന് തിരുവനന്തപുരം ഏഴാം നമ്പർ അഡീഷണൽ സെഷൻസ് കോടതി കേസിൽ കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അറസ്റ്റ് ചെയ്താലുടൻ ജാമ്യം നൽകണമെന്ന കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. നവംബറിലാണ് മുഖ്യമന്ത്രിക്ക് യുവതി കുഞ്ഞുമുഹമ്മദിനെതിരെ പരാതി സമർപ്പിക്കുന്നത്. തുടർന്ന് പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും ചെയ്തു. തലസ്ഥാനത്ത് നടന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ക്രീനിങ്ങിന്‍റെ ഭാഗമായി ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ട തന്നോട് അവിടെ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.

