കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും എന്ന് സൂചന. കോൺഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. സരിന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം എടുത്തു. സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നുമാണ് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തൽ.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയാണ് സരിൻ രംഗത്തെത്തിയത്. പാർട്ടി തിരുത്തണമെന്നും പുനരാലോചിക്കണമെന്നും സരിൻ പറഞ്ഞിരുന്നു. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് എഐസിസി നേതൃത്വത്തോട് സരിൻ ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ നടത്തി രാഹുല്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാം. തിരുത്താൻ ഇനിയും സമയമുണ്ടെന്നും ഇല്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
പാലക്കാട് സ്ഥാനാർത്ഥിത്വത്തിൽ പുനരാലോചന വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കത്തയച്ചിരുന്നുവെന്ന് സരിൻ പറഞ്ഞു. വെള്ളക്കടലാസിൽ അച്ചടിച്ചു വന്നാൽ സ്ഥാനാർത്ഥിത്വം പൂർണ്ണമാകില്ലെന്ന് പറഞ്ഞ സരിൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പുനർവിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുതിർന്ന നേതാക്കളുൾപ്പെടെ സരിനെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്.