ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്നതിന്റെ സജി ചെറിയാന്റെ പേരില്‍ എടുത്തിരുന്ന കേസ് അവസാനിപ്പിക്കാന്‍ പോലീസ് നല്‍കിയിരിക്കുന്ന അപേക്ഷയില്‍ കോടതിയുടെ അനുകൂല തീരുമാനം ഉണ്ടായാല്‍ ഉടന്‍ തന്നെ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായേക്കുമെന്ന് സൂചന. പോലീസ് നല്‍കിയ അപേക്ഷ നിലവില്‍ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇനി തിരുവല്ല കോടതിയുടെ അനുമതി കൂടി ലഭിച്ചാല്‍ സജി ചെറിയാന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്കവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂലായ് മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. സംഭവത്തില്‍ പോലീസ് നേരിട്ട് കേസ് എടുത്തില്ല. ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്യണമെന്ന് മജിസ്ട്രേറ്റുകോടതി ഉത്തരവിടുകയായിരുന്നു. പിന്നീട് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ പോലീസ് അപേക്ഷ നല്‍കിയിരിക്കുന്നത്. 50 മിനിട്ട് 12 സെക്കന്‍ഡാണ് സജി ചെറിയാന്‍ പ്രസംഗിച്ചത്. ഇതില്‍ രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമര്‍ശം ഉണ്ടായത്. ഇത്തരത്തില്‍ കേസ്സെടുത്താല്‍ നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.
എം.എല്‍.എ.മാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായണന്‍, സി.പി.എം. ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു തുടങ്ങി പരിപാടിയില്‍ നേരിട്ട് പങ്കെടുത്തവര്‍, സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിക്കുകയെന്ന ഉദ്ദേശ്യത്തോടെയല്ല പ്രസംഗിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നതെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ചില വശങ്ങള്‍ ചൂണ്ടിക്കാട്ടുകമാത്രമേ ചെയ്തുള്ളൂവെന്നാണ് സജി ചെറിയാന്റെ മൊഴി. ഹര്‍ജിക്കാരെക്കൂടി കേട്ടശേഷം കേസിന്റെ തുടര്‍നടപടികള്‍ കോടതിയാണ് നിശ്ചയിക്കുകയെങ്കിലും പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കുന്നതിന് അനുമതി നല്‍കാനാണ് കൂടുതല്‍ സാധ്യത.