മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി ശ്രീകോവിൽ തുറക്കും. മേൽശാന്തി ആഴിയിൽ അഗ്‌നി പകരുന്നതോടെ തീർത്ഥാടകർക്ക് ദർശനം നടത്താം.
ജനുവരി 15നാണ് മകരവിളക്ക്. 13ന് വൈകിട്ട് പ്രാസാദ ശുദ്ധിക്രിയകളും 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. 15ന് പുലർച്ചെ 2.46ന് മകരസംക്രമപൂജ നടക്കും. പതിവുപൂജകൾക്കുശേഷം അടയ്ക്കുന്ന നട വൈകിട്ട് അഞ്ചിനാണ് വീണ്ടും തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും.
15, 16, 17, 18, 19 തീയതികളിൽ എഴുന്നള്ളിപ്പും നടക്കും. 19 വരെ തീർത്ഥാടകർക്ക് നെയ്യഭിഷേകത്തിനുള്ള സൗകര്യം ഉണ്ടാകും. 19ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. 20വരെ ഭക്തർക്ക് ദർശനം നടത്താം. 21ന് തിരുവാഭരണപേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് രാവിലെ പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയശേഷം നട അടയ്ക്കും.