ശബരിമലയിൽ ഈ മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനത്തിൽ വൻവർധനയെന്ന് റിപ്പോർട്ട്. ദേവസ്വം ബോർഡിന് കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനം ലഭിച്ചു. ഇത് കൂടാതെ കാണിക്ക, അരവണ വിൽപന എന്നിവയിലൂടെയും അധിക വരുമാനം വർദ്ധിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് അറിയിച്ചു.
കഴിഞ്ഞ വർഷത്തേക്കാൾ നാല് ലക്ഷത്തോളം ഭക്തരാണ് ശബരിമലയിൽ ഇത്തവണ അധികമായി എത്തിയത്. നവംബർ 15 മുതൽ ഡിസംബർ 26 വരെയുള്ള 41 ദിവസത്തെ മണ്ഡലകാലത്ത് 297 കോടി രൂപയുടെ വരുമാനം ദേവസ്വം ബോർഡിന് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 215 കോടി ആയിരുന്നു. അരവണ വിൽപനയിലൂടെയാണ് അധിക വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞത്.
കഴിഞ്ഞ സീസണിനേക്കാൾ 22 കോടിയുടെ അരവണ അധികമായി വിറ്റു. കാണിക്കയായി 80 കോടിയിൽപരം രൂപ ലഭിച്ചു. 13 കോടിയുടെ വർധനവാണ് ഇതിലുണ്ടായിരിക്കുന്നത്. ഈ മണ്ഡലകാലത്ത് എത്തിയ ഭക്തരുടെ എണ്ണത്തിലും വർധനയുണ്ടായി. 32.5 ലക്ഷത്തോളം പേരാണ് ഇത്തവണ ദർശനം നടത്തിയത്. കഴിഞ്ഞ തവണ ഇത് 28 ലക്ഷം മാത്രമായിരുന്നു. സ്പോട്ട് ബുക്കിംഗിലുടെയും പുല്ലുമേടിലൂടെയും സന്നിധാനത്ത് എത്തിയവരുടെ എണ്ണവും കൂട്ടി.
കഴിഞ്ഞ തിങ്കളാഴ്ച മകരവിളക്കിനായി ശബരിമല നട തുറന്നപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ തിരക്കാണ് അനുഭവപ്പെടുന്നത്. ജനുവരി 20ന് നട അടയ്ക്കുമ്പോൾ ആകെയുള്ള വരുമാനം ഇനിയും വർദ്ധിക്കുമെന്ന കാര്യത്തിൽ ഉറപ്പാണ്.