ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവും സിപിഐ നേതാവുമായ കെ.പി.ശങ്കരദാസിന് (85) ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ശങ്കരദാസിന് സ്വാഭാവിക ജാമ്യം നൽകിയത്. ജനുവരി 14-ന് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത ശങ്കരദാസ്, റിമാൻഡ് കാലാവധിയായ 90 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിൽ കുറ്റപത്രം സമർപിക്കാത്തതിനാലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. കേസിലെ മറ്റു പ്രതികൾക്കെല്ലാം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എ. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിലെ ബോർഡ് അംഗമായിരുന്നു ശങ്കരദാസ്. സ്വർണ്ണക്കൊള്ളക്കേസിൽ 11-ാം പ്രതിയായ ഇദ്ദേഹം, വിവാദമായ കട്ടിളപ്പാളി കേസ്, ദ്വാരപാലക കേസ് എന്നിവയിലും പ്രതിയാണ്.
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ശങ്കരദാസിന്റെ അറസ്റ്റ് ജനുവരി 14ന് രാത്രി 7ന് ആശുപത്രിയിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സ്വർണക്കൊള്ളയ്ക്ക് വഴിവയ്ക്കുന്ന തരത്തിലുള്ള തീരുമാനങ്ങളിൽ ശങ്കരദാസ് അടക്കം ബോർഡിലെ 3 അംഗങ്ങൾക്കും കുറ്റകരമായ ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു.
ആകെ 13 പ്രതികളുള്ള സ്വർണ്ണക്കൊള്ളക്കേസിൽ 12 പേരെയാണ് എസ്.ഐ.ടി ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതിൽ ഒൻപത് പേർക്ക് സ്വാഭാവിക ജാമ്യവും രണ്ട് പേർക്ക് റിമാൻഡ് കാലയളവിലും ജാമ്യം ലഭിച്ചിരുന്നു. ശങ്കരദാസ് കൂടി പുറത്തിറങ്ങുന്നതോടെ കേസിൽ അറസ്റ്റിലായ എല്ലാവർക്കും ജാമ്യം ലഭിച്ചു കഴിഞ്ഞു. സിപിഐ പ്രതിനിധിയായാണ് ശങ്കരദാസ് മുൻപ് ദേവസ്വം ബോർഡിൽ എത്തിയത്.

